ഹൃദയമറിഞ്ഞ് വേള്‍ഡ് മലയാളി കൌണ്‍സില്‍
Saturday, August 1, 2015 8:39 AM IST
ചെന്നൈ: കേരളത്തിലെ സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും പിന്നോക്കം നില്‍ക്കുന്ന വില്ലേജുകളെ ദത്തെടുത്തുകൊണ്ടാണ് കൌണ്‍സില്‍ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്. ദത്തെടുത്ത വില്ലേജുകളിലെ കുടുംബങ്ങള്‍ക്ക് വെള്ളം, വെളിച്ചം, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കി. സുനാമി തിരകള്‍ കേരള തീരത്തെ വിഴുങ്ങിയപ്പോള്‍ ആയിരം തെങ്ങ് പോലുള്ള തീരദേശങ്ങളില്‍ സംഘടന സഹായ ഹസ്തവുമായെത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇവിടെ കമ്യൂണിറ്റി ഹാള്‍ നിര്‍മിച്ചുനല്‍കുകയും ഐടി കാലഘട്ടത്തിന്റെ ആവശ്യം മാനിച്ച് കംപ്യൂട്ടര്‍ സെന്ററുകള്‍ തുറക്കുകയും ചെയ്തു. കേരളത്തിന്റെ പ്രതീക്ഷ ഇന്നത്തെ യുവജനങ്ങളിലും കലാലയ വിദ്യാര്‍ഥികളിലുമാണ്. ആധുനിക ലോകത്തെ സമസ്ത മേഖലകളിലുമുള്ള മത്സരങ്ങളില്‍ ഏറ്റുമുട്ടി ജീവിതവിജയം നേടാന്‍ അവരെ പ്രാപ്തരാക്കുന്ന ഭാവന സമ്പന്നമായ പരിപാടിയാണ് 'ഓള്‍ട്ടിയൂസ്'. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാലയ കാമ്പസുകളില്‍ കൌണ്‍സിലിന്റെ ഓള്‍ട്ടിയൂസ് ക്ളബുകള്‍ ഇന്ന് ഊര്‍ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നു.

മികച്ച വിജയം നേടുന്ന മലയാളി ബിസിനസ് സംരംഭകരെ അംഗീകരിക്കാന്‍ കേരള ബിസിനസ് അവാര്‍ഡ്, കൈരളി ടിവിയുമായി സഹകരിച്ച് ഫിലിം അവാര്‍ഡ്, എച്ച്ഐവി ബാധിതര്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍, നാടിന്റെ എക്കാലത്തെയും ശാപമായ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ഗ്രീന്‍ കേരള ഫൌണ്േടഷന്‍, മലയാളി യുവതികളെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്ന മിസ് മലയാളി വേള്‍ഡ് വൈഡ്, അശരണര്‍ക്കും ആലംബഹീനര്‍ക്കും പ്രത്യാശയുടെ പുതു ജീവിതമേകുന്ന സമൂഹ വിവാഹങ്ങള്‍ എന്നിങ്ങനെ കൌണ്‍സിലിന്റെ കര്‍മ പദ്ധതികളില്‍ ഒട്ടേറെ ഇനങ്ങള്‍ ഉള്‍പ്പെടുന്നു. പുതിയ നയ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടുമിരിക്കുന്നു.

ഡബ്ള്യുഎംസി അന്താരാഷ്ട്ര മലയാളികളുടെ സംഘടിതമായൊരു മുന്നേറ്റമാണ്. മലയാളികള്‍ ഉള്ളിടത്തെല്ലാം കൌണ്‍സിലുണ്ട്. എങ്കിലും ഇനിയും എത്തിപ്പെടാത്ത, എത്തേണ്ടതായ മേഖലകളുണ്ട്. കൌണ്‍സിലിന്റെ ഉത്തരവാദിത്വങ്ങള്‍ കേരളത്തോടും ഇന്ത്യയോടും മാത്രമല്ല. ഓരോ രാജ്യങ്ങളിലും ജീവിക്കുന്ന മലയാളികളുടെ പ്രശ്നപരിഹാരവും ക്ഷേമവും നമ്മുടെ മുഖ്യ അജണ്ടയാണ്. അതുപോലെ കണ്‍വന്‍ഷനുകള്‍ കാര്യമാത്ര പ്രസക്തമാവണം. ധൂര്‍ത്തും ആര്‍ഭാടവും ജനകീയ സംഘടനകള്‍ക്ക് ഭൂഷണമല്ല. സ്ഥാനമാനങ്ങള്‍ക്കായി വടംവലി നടത്താതെ കൌണ്‍സിലിനു വേണ്ടി എനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്ന് അംഗങ്ങള്‍ ഓരോരുത്തരും ചിന്തിക്കണം. സംഘടനയുടെ നേതൃത്വത്തിലേയ്ക്ക് പുതുതായെത്തുന്നവര്‍ക്ക് ഏറെ പണിപ്പെടേണ്ടതില്ല. കാരണം മുന്‍ഗാമികള്‍ തെളിച്ച സുഗമമായ പാത അവര്‍ക്കു മുന്നിലുണ്ട്.

ചെന്നൈ കൂട്ടായ്മയില്‍ നടനും കൌണ്‍സിലിന്റെ അംബാസിഡറുമായ കമല്‍ ഹാസന്‍ 'തെന്‍പാണ്ടി ചീമയിലേ...' ഹൃദയരാഗമായ് പാടി; ജനമനസ് നിറഞ്ഞാടി ഹൃദയം തുറന്ന് ചെന്നൈ മലയാളികളും. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഇരുപതാം വാര്‍ഷികാഘോഷ വേദിയില്‍ അതൊരു അപൂര്‍വ സുന്ദര നിമിഷമായി.

എന്നാല്‍ കമലിന്റെ ഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സംഭവിച്ച ചെറിയ പിഴവില്‍ നിന്നായിരുന്നു ആ സുന്ദര നിമിഷത്തിന്റെ പിറവി. പിഴവു തിരിച്ചറിഞ്ഞ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ വേദിയില്‍ തന്നെ തിരുത്തി, തമിഴ് ഭാഷ ശരിക്കു വശമില്ലാത്തതുകൊണ്ടു സംഭവിച്ചതാണെന്നു ക്ഷമാപണത്തോടെ കമലിനോടു ജയചന്ദ്രന്‍ പറഞ്ഞു.

പാട്ടുപാടി തീര്‍ന്നതിനു പിന്നാലെ ജയചന്ദ്രന്‍ സദസില്‍ കമലിന്റെ അടുത്തെത്തി. അവതാരക രഞ്ജിനി ഹരിദാസിന്റെ അഭ്യര്‍ഥന കൂടിയായപ്പോള്‍ ഒട്ടും മടിക്കാതെ കമല്‍ പാടി. 'തെന്‍പാണ്ടി ചീമയിലേ...തേരോടും വീഥിയിലെ...' കൂടെ എം. ജയചന്ദ്രനും. കമല്‍ 'നാകന്‍' എന്ന സിനിമയിലെ യാഥാര്‍ഥ നായകനായി. ഹര്‍ഷാരവങ്ങളോടെ ചെന്നൈ മലയാളികള്‍ കൂടെ പാടി. 'മാന്‍ പോലെ വന്തവനെ യാരടിത്താരോ...''

പാടാന്‍ നിര്‍ബന്ധിക്കരുതെന്നു കമല്‍ സംഘാടകരോട് ആദ്യമേ പറഞ്ഞിരുന്നുവെങ്കിലും ചെന്നൈ മലയാളികളുടെ സ്നേഹപൂര്‍വമുള്ള അഭ്യര്‍ഥന അദ്ദേഹത്തിനു തള്ളിക്കളയാനാവുമായിരുന്നില്ല. "എനിക്ക് എപ്പോഴും പിന്തുണ ലഭിച്ചിട്ടുള്ളതു കേരളത്തില്‍ നിന്നാണ്. അതില്‍ എനിക്കേറെ കടപ്പാടുണ്ട്. കേരളം ഒരു ചെറിയ സംസ്ഥാനമാണ്. പക്ഷേ, മലയാളികള്‍ എനിക്കു തന്ന സ്നേഹം വളരെ വലുതാണ്. ഞാനുമൊരു മലയാളിയാണ്. അത് എപ്പോഴും ഞാന്‍ പറയാറുണ്ട്...'' കേരളത്തോടും മലയാളികളോടുമുള്ള സ്നേഹം കമല്‍ ഹാസന്‍ ഹൃദയം തുറന്നു പറഞ്ഞു. സിനിമ സംഗീത ജീവിതത്തിന്റെ 20 വര്‍ഷം പിന്നിട്ട എം. ജയചന്ദ്രനുള്ള ഡബ്ള്യുഎംസി പുരസ്കാരം കമല്‍ സമ്മാനിച്ചു.

കൌണ്‍സില്‍ നടത്തിയ ഹൃദയരാഗം പരിപാടി അന്തരിച്ച പ്രമുഖ സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥനുള്ള ആദരവും കൂടിയായി. കുടുംബജീവിതത്തിലും രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷവും ജയചന്ദ്രന്‍ പങ്കുവച്ചു.

തന്റെ ഗാനങ്ങളില്‍ അഞ്ഞൂറിലേറെയും ചെന്നൈയില്‍ വച്ചാണ് ചിട്ടപ്പെടുത്തിയതെന്നും ചെന്നൈയെ തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എസ് വിശ്വനാഥന് ആദരാഞ്ജലി അര്‍പ്പിച്ച് അദ്ദേഹത്തിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കി പ്രത്യേകമായി അവതരിപ്പിക്കുകയായിരുന്നു. സിംഫണിയോടെ ജയചന്ദ്രനാണ് ഹൃദയരാഗത്തിനു തുടക്കമിട്ടത്. ജയചന്ദ്രന് ആദരം അര്‍പ്പിച്ചു അദ്ദേഹത്തിന്റെ പാട്ടുകള്‍ ഉള്‍പ്പെടുത്തി സ്റീഫന്‍ ദേവസി പ്രത്യേക പരിപാടി അവതരിപ്പിച്ചു. മധു ബാലകൃഷ്ണന്‍, റിമി ടോമി, വൈക്കം വിജയലക്ഷ്മി, ശ്വേത മോഹന്‍, വിധു പ്രതാപ്,സയനോര, ഉത്തര ഉണ്ണിക്കൃഷ്ണന്‍, ശ്രീറാം, നിഖില്‍രാജ്, യാസിന്‍, മൃദുല വാരിയര്‍, രാജലക്ഷ്മി, സുദീപി കുമാര്‍, സിത്താര, ഹരിചരണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു

ലോകത്തിനും മലയാളിക്കും വന്ന മാറ്റങ്ങള്‍ കണക്കിലെടുത്തു വേണം പ്രവാസി സംഘടനകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞു.

മലയാളിയുടെ ചിന്തയിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിദ്യാഭ്യാസം, ലോകരാജ്യങ്ങളുമായുള്ള ബന്ധം, ചാനലുകള്‍, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയവയെല്ലാം ഈ മാറ്റത്തിനു കാരണമാണ്. കേരളത്തിലെ വിദ്യാര്‍ഥികളുടെ തൊഴില്‍ സങ്കല്‍പ്പങ്ങള്‍ക്കും കാര്യമായ മാറ്റങ്ങള്‍ വന്നു. ആദ്യമൊക്കെ വൊക്കേഷണല്‍ കോഴ്സുകള്‍ പഠിക്കാന്‍ ആളില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ കുട്ടികള്‍ കൂടുതലായി അവയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. മലയാളികളുടെ ഭാഷാപ്രയോഗത്തില്‍ മാറ്റം വന്നു. ന്യൂജനറേഷന്‍ വാക്കുകളോടെയാണു മലയാളികള്‍ ദിവസേനയുള്ള ജീവിതത്തില്‍ ഇടപെടുന്നത്. പ്രവാസി മലയാളി സംഘടനകള്‍ ഇപ്പോഴുള്ളതും വരാന്‍ പോകുന്നതുമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ടു വേണം പദ്ധതികള്‍ ആവിഷ്കരിക്കാനെന്നു ബാബു പോള്‍ പറഞ്ഞു. മോഹന്‍ നായര്‍, സോമന്‍ ബേബി, ഐസക് പട്ടാണിപ്പറമ്പില്‍, എം. നന്ദഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഷികാഘോഷങ്ങള്‍ സംവിധായകന്‍ ഹരിഹരന്‍ ഉദ്ഘാടനം ചെയ്തു. ആഗോള ചെയര്‍മാന്‍ വി.സി. പ്രവീണ്‍, പ്രസിഡന്റ് എ.എസ്. ജോസ്, ജനറല്‍ സെക്രട്ടറി സിറിയക് തോമസ്, ചെന്നൈ പ്രവിശ്യാ പ്രസിഡന്റ് എം. അച്യുതന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വടപളനി ഗ്രീന്‍പാര്‍ക്ക് ഹോട്ടലില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡബ്ള്യുഎംസി പ്രവിശ്യകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഡോ.ജോര്‍ജ് എം. കാക്കനാട്ട്