മിസിസാഗായില്‍ കുച്ചിപ്പുടി നൃത്ത ശില്‍പശാല സെപ്റ്റംബര്‍ 21 മുതല്‍ 26 വരെ
Saturday, August 1, 2015 8:35 AM IST
മിസിസാഗ: നുപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ കുച്ചിപ്പുടിയില്‍ നൃത്ത ശില്‍പശാല സംഘടിപ്പിക്കുന്നു.

ടൊറോന്റോ മലയാളി സമാജത്തിന്റെ മിസിസാഗായിലുള്ള സെന്ററില്‍ സെപ്റ്റംബര്‍ 21 മുതല്‍ 26 വരെയാണ് ശില്‍പശാല.

ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ കുച്ചിപ്പുടി നര്‍ത്തകരായ വൈജയന്തി കാശിയും പ്രതീക്ഷ കാശിയുമാണ് ശില്‍പശാലക്ക് നേതൃത്വം നല്‍കുന്നത്. കര്‍ണാടക സംഗീത നൃത്ത അക്കാദമി മുന്‍ ചെയര്‍പേഴ്സണും കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ വൈജയന്തി കാശി, ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലെ ഉന്നത റാങ്കിംഗിലുള്ള ഒരു കലാകാരിയാണ്.

ആര്യഭട്ട ഇന്റര്‍നാഷണല്‍ അവാര്‍ഡ്, കലാഭാരതി യുവ പ്രതിഭ അവാര്‍ഡ്, നാട്യവേദ അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകള്‍ സ്വായത്തമാക്കിയ പ്രതീക്ഷ കാശി, 'നളന്ദ നൃത്ത്യ നിപുണ', 'നൃത്ത്യ ജ്യോതി' തുടങ്ങിയ പട്ടങ്ങളും നേടിയിട്ടുണ്ട്. കുച്ചിപ്പുടിയില്‍ ഇത്രയേറെ ആധികാരികതയും നൈപുണ്യവുമുള്ള ഇവര്‍ നടത്തുന്ന നൃത്തശില്‍പശാലയില്‍ ഇവിടുത്തെ കുട്ടികള്‍ക്ക് പങ്കെടുക്കാനാവുന്നതുതന്നെ ഒരു വലിയ ഭാഗ്യമാണ്. അതിനാല്‍ നൃത്തത്തെ സ്നേഹിക്കുന്ന എല്ലാവരും ശില്‍പശാലയില്‍ പങ്കെടുക്കണമെന്ന് സംഘാടകയും നര്‍ത്തകിയുമായ ഗായത്രി വിജയകുമാര്‍ അഭ്യര്‍ഥിച്ചു.

ശില്‍പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവര്‍ പഠിച്ച നൃത്തം സ്റേജില്‍ അവതരിപ്പിക്കാന്‍ സംഘാടകര്‍ പിന്നീട് അവസരം നല്‍കുന്നതാണ്.

രജിസ്ട്രേഷനും വിവരങ്ങള്‍ക്കും നുപുര സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിന്റെ ഡയറക്ടര്‍ ഗായത്രി വിജയകുമാറുമായി 416 500 4681 എന്ന നമ്പരില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു