ഡോ. ഈപ്പന്‍ ദാനിയേലിനു വന്‍ വിജയം
Wednesday, July 29, 2015 5:41 AM IST
ഹൂസ്റണ്‍: ടെക്സസ് സംസ്ഥാനത്ത് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ ഒരുക്കി അനുസ്യൂതം വളര്‍ന്നു കൊണ്ടിരിക്കുന്ന കമ്യൂണിറ്റികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഹൂസ്റണിലെ റിവര്‍ സ്റോണ്‍ കമ്യൂണിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലയാളിയായ ഡോ. ഈപ്പന്‍ ദാനിയേല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവുവന്ന ഒരു സ്ഥാനത്തേക്ക് നാല് ഇന്ത്യക്കാരടക്കം പ്രമുഖരായ 10 പേരാണു മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഫിലഡല്‍ഫിയായില്‍നിന്നും ഹൂസ്റണിലേക്കു താമസം മാറി വന്ന ഡോ. ഈപ്പന്‍ ദാനിയേലിന്റെ വിജയം മലയാളി സമൂഹത്തിനൊന്നാകെ അഭിമാനം പകരുന്നതാണെന്നു റിവര്‍ സ്റോണ്‍ നിവാസികള്‍ പറഞ്ഞു.

നോര്‍ത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ വിറ്റു പോകുന്ന ആദ്യത്തെ 10 കമ്യൂണിറ്റികളില്‍ സ്ഥാനം പിടിച്ച ടെക്സസിലെ ഏക കമ്യൂണിറ്റിയാണു റിവര്‍ സ്റോണ്‍.

പ്രാദേശിക വികസന വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കാനുളള ഉത്തരവാദിത്വം ഡയറക്ടര്‍ ബോര്‍ഡിനാണ്. താമസ സുരക്ഷാ നവീകരണ പദ്ധികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ഈപ്പന്‍ ദാനിയേല്‍ ഉദ്ദേശിക്കുന്നത്.

വെണ്ണിക്കുളം സ്വദേശിയും തിരുവല്ല മാര്‍ത്തോമ കോളജ് മുന്‍ അധ്യാപകനുമായ ഇദ്ദേഹം 30 വര്‍ഷം മുമ്പ് ഫിലഡല്‍ഫിയായില്‍ എത്തി വിവിധ രംഗങ്ങളില്‍ കര്‍മനിരതനായി.

ടെക്സസില്‍ ടെക് യൂണിവേഴ്സിറ്റിയില്‍നിന്നു ഗ്രാജ്വേറ്റ് ചെയ്തതിനുശേഷം യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയായില്‍ തുടര്‍ പഠനം നടത്തി അവിടെ തന്നെ ജോലിയില്‍ പ്രവേശിച്ചു. അതേ യൂണിവേഴ്സിറ്റിയില്‍നിന്ന് അഡ്മിനിസ്ട്രേഷനില്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി നാഷണല്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ട്രൈസ്റേറ്റ് ഏരിയായിലെ പ്രമുഖ മലയാളി സംഘടനയായ പമ്പയുടെ മുന്‍ പ്രസിഡന്റ് കൂടിയാണ്. മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മുഖ പ്രസിദ്ധീകരണമായ 'മാര്‍ത്തോമ മെസഞ്ച'റിന്റെ ചീഫ് എഡിറ്ററായി 12 വര്‍ഷം സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് എംഡി ആന്‍ഡേഴ്സന്‍ കാന്‍സര്‍ സെന്ററില്‍ ജോലി ചെയ്യുന്നു.

ഭാര്യ: ഗ്രേസി ദാനിയേല്‍. മക്കള്‍: ഏയ്ഞ്ചല, ബെഞ്ചമിന്‍.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി