അഗ്നിച്ചിറകുകള്‍ വിരിയിച്ച അബ്ദുള്‍ കലാമിനു ഫോമയുടെ ഹൃദയാഞ്ജലികള്‍
Tuesday, July 28, 2015 7:52 AM IST
ഫ്ളോറിഡ: കുഞ്ഞു മനസുകളില്‍ പ്രത്യാശയുടെ അഗ്നിചിറകുകള്‍ വിരിയിച്ച ചാച്ച കലാമും ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ ഹൃദയാഞ്ജലികള്‍ നേര്‍ന്നു.

ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ കലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയപ്പെട്ടവനായിരുന്നു. രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായി ഇന്ത്യയെ ഉയരങ്ങളിലേക്കു നയിക്കുവാന്‍ നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അനുസ്മരിച്ചു. കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നു കൂടിയ അടിയന്തര കോണ്‍ഫറന്‍സ് കോള്‍ കമ്മിറ്റിയിലാണു അദ്ദേഹം അനുസ്മരിച്ചത്.

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് അബ്ദുള്‍ കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി, രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ എന്നീ വിശേഷണങ്ങള്‍ കൂടിയുണ്ട് കലാമിന്. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നു പോന്നത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും സല്ലപിക്കുവാനും കലാം സമയം കണ്െടത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.

ഫോമക്കു വേണ്ടി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്തണി എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്