യാത്രക്കാരെ കയ്യിലെടുക്കാന്‍ സിറ്റി റെയില്‍വേ സ്റേഷന്‍
Tuesday, July 28, 2015 7:33 AM IST
ബംഗളൂരു: യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യങ്ങളൊരുക്കി ബംഗളൂരു സിറ്റി റെയില്‍വേ സ്റേഷന്‍ മുഖംമിനുക്കുന്നു. റെയില്‍വേ സ്റേഷനിലെ സൌകര്യങ്ങള്‍ തത്സമയം അറിയാന്‍ പുതിയ മൊബൈല്‍ ആപ്ളിക്കേഷനും വെബ്സൈറ്റും പ്രവര്‍ത്തനമാരംഭിച്ചു. സിറ്റി റെയില്‍വേ സ്റേഷന്‍ വഴിയുള്ള എല്ലാ ട്രെയിനുകളുടെയും സമയസൂചിക, ടിക്കറ്റ് റിസര്‍വേഷന്‍, പിഎന്‍ആര്‍ സ്റാറ്റസ്,റെയില്‍ നാവിഗേഷന്‍ ആപ്, നഗരത്തിലെ ബസ് റൂട്ടുകള്‍, ഓട്ടോ ടാക്സി സൌകര്യങ്ങള്‍, പരാതി പരിഹാര സെല്‍ തുടങ്ങിയ സമ്പൂര്‍ണ വിവരങ്ങള്‍ ംംം.യലിഴമഹൌൃൌ ൃമശഹംമ്യമെേശീിേ.രീാ എന്ന പുതിയ വെബ്സൈറ്റ് വഴി ലഭ്യമാകും. കൂടാതെ 'റെയില്‍ ന്ൌ' എന്ന പേരില്‍ മൊബൈല്‍ ആപ്പും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ശാരീരിക ന്യൂനതയുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും സഞ്ചരിക്കാന്‍ ഇലക്ട്രിക് ബഗിയുടെ സേവനവും റെയില്‍വേ സ്റേഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലു മുതല്‍ രാത്രി 11.30 വരെ ബഗിയുടെ സേവനം ലഭ്യമാകും. ആവശ്യക്കാര്‍ക്ക് 9900789789 എന്ന ഫോണ്‍നമ്പരിലും ഇലക്ട്രിക് ബഗി മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടാതെ, സ്റേഷനിലെ യാത്രക്കാര്‍ക്കായുള്ള എസ്കലേറ്ററിന്റെയും ലിഫ്റ്റിന്റെയും പ്രവര്‍ത്തനം 24 മണിക്കൂറാക്കി. നേരത്തെ, രാവിലെ ആറു മുതല്‍ രാത്രി പത്തു വരെയായിരുന്നു ഇവയുടെ സമയം.

ഒന്നാം പ്ളാറ്റ്ഫോം കൂടാതെ അഞ്ച്, ആറ്, ഏഴ്, എട്ട് പ്ളാറ്റ്ഫോമുകളിലും ഐആര്‍സിടിസിയുടെ ഫുഡ് കൌണ്ടറുകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നേരത്തെ ഒന്നാം പ്ളാറ്റ്ഫോമില്‍ മാത്രമാണ് ഐആര്‍സിടിസിയുടെ ഫുഡ് പ്ളാസയുണ്ടായിരുന്നത്. മറ്റു പ്ളാറ്റ്ഫോമുകളില്‍ ട്രെയിന്‍ കാത്തുനില്ക്കുന്നവര്‍ ഭക്ഷണം കഴിക്കാന്‍ ഒന്നാം പ്ളാറ്റ്ഫോമിലെത്തേണ്ടി വരുന്നത് സമയനഷ്ടം വരുത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റു പ്ളാറ്റ്ഫോമുകളിലും ഭക്ഷണസൌകര്യം ഏര്‍പ്പെടുത്തിയത്. ഒന്ന്, എട്ട് പ്ളാറ്റ്ഫോമുകളില്‍ മില്‍ക്ക് സ്റ്റാളുകളും ഏഴാം പ്ളാറ്റ്ഫോമില്‍ ഫ്രൂട്ട് സ്റാളും പ്രവര്‍ത്തിക്കുന്നു.