ഡോ. എ.പി.ജെ. അബ്ദുള്‍ കലാം അമേരിക്കന്‍ ജനത്തിനു സമര്‍പ്പിച്ച ഗാന്ധിസ്ക്വയര്‍
Tuesday, July 28, 2015 7:19 AM IST
മയാമി: കര്‍മയോഗിയായി കാലത്തിനുമുമ്പേ സഞ്ചരിച്ച് ജനമനസുകളില്‍ മരിക്കാത്ത ഓര്‍മയായി തീര്‍ന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്ന മഹദ്വ്യക്തി അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കു മാത്രമല്ല, ഫ്ളോറിഡയിലെ ഡേവി നഗരസഭയുടെ ചരിത്രത്തിന്റെ നാള്‍വഴികളിലും പ്രകാശം പരത്തി നില്‍ക്കുകയാണ്.

മഹാത്മജിയുടെ ഒരു സ്മാരകം ഫ്ളോറിഡയില്‍ തീര്‍ക്കാന്‍ കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ എന്ന മലയാളി സംഘടന നേതൃത്വം നല്‍കി. ഇതിനായി ഡേവി നഗരസഭയെ സമീപിക്കുകയും ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ പിന്തുണയോടുകൂടി അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്ക്വയറായി പണിതുയര്‍ത്തുകയും ചെയ്തു.

ഗാന്ധിസ്ക്വയറിന്റെ സമര്‍പ്പണത്തിനായി അഥിതിയെ കണ്െടത്തുന്നതിനുള്ള അന്വേഷണത്തിനൊടുവില്‍ ദീപിക ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലിലിന്റെ നിര്‍ദേശപ്രകാരം എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രൈവറ്റ് സെക്രട്ടറി പാലക്കാട്ടുകാരനായ ആര്‍.കെ. പ്രസാദുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതിയുടെ സാന്നിധ്യം ഉറപ്പുവരുത്തുകയായിരുന്നു.

സ്മാരക സമര്‍പ്പണ ചടങ്ങില്‍ ഡേവി നഗരസഭാധ്യക്ഷ ജൂഡി പോള്‍ ഇന്ത്യയുടെ മുന്‍ പ്രസിഡണ്ടിനെ എതിരേറ്റത് 'മാന്‍ ഓഫ് മിസൈല്‍ ആന്‍ഡ് മാന്‍ ഓഫ് വിഷനറി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. തുടര്‍ന്നു നഗരസഭയുടെ ഏറ്റവും വലിയ ആദരവായി നഗരത്തിന്റെ സ്വര്‍ണ താക്കോല്‍ നല്‍കി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനെ ആദരിച്ചു.

അദ്ദേഹത്തിന്റെ മടക്കയാത്രയില്‍ സെക്രട്ടറി ആര്‍.കെ. പ്രസാദിന്റെ നിര്‍ദേശപ്രകാരം വൈകുന്നേരത്തെ അത്താഴവും മലയാളി ഹോട്ടലില്‍നിന്നു തയാറാക്കിയ വെജിറ്റേറിയന്‍ ഭക്ഷണവും കൊടുത്തയച്ചിരുന്നു.