ഡാളസ് സാക്ഷ്യം സാക്ഷ്യം വഹിച്ചത് കെഎച്ച്എന്‍എയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന്
Tuesday, July 28, 2015 3:27 AM IST
ഡാളസ്: അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ സാംസ്കാരികവും മതപരവുമായ ഉന്നമനം, കേരള പാരമ്പര്യവും സംസ്കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പെടുക്കല്‍, ശക്തമായ ഒരു ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാധവസേവ മാനവസേവ എന്ന സനാതനതത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തിലൂടെ പ്രയാണം നടത്തുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന കെഎച്ച്എന്‍എയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിനാണ് ഡാളസ് സാക്ഷ്യം വഹിച്ചത്. സംഘടന പിറന്ന മണ്ണില്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷം ദേശീയ കണ്‍വെന്‍ഷന്‍ എത്തിയപ്പോള്‍ അതിനെ സംഘടിത ഹൈന്ദവ ശക്തിയുടെ നേര്‍ക്കാഴ്ചയാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

പ്രസിഡന്റ് ടി.എന്‍. നായര്‍, സെക്രട്ടറി ഗണേഷ്നായര്‍, ട്രഷറര്‍ രാജു പിള്ള, ചെയര്‍മാന്‍ റനില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനമായിരുന്നു ഡാളസ് കണ്‍വെന്‍ഷനായി നടത്തിയത്. അഞ്ചു ദിവസത്തെ കണ്‍വെന്‍ഷന്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയാണ് ഉദ്ഘാടനം ചെയ്തത്. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യമായിരുന്നു കണ്‍വെന്‍ഷന്റെ മറ്റൊരു പ്രത്യേകത. കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടു. ആദി ശങ്കരന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം സനാതന ധര്‍മ്മത്തിന് നല്‍കിയ സംഭാവനയെക്കുറിച്ചും വേണ്ടത്ര പഠനങ്ങള്‍ ഇല്ല. ഭാരതീയ സംസ്കാരത്തെ ഇത്രയേറെ പ്രോജ്വലമാക്കിയ മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രവുമായി വളരെ അടുത്തു നില്‍ക്കുന്ന വേദത്തെ ഭാരതമണ്ണില്‍ ഉറപ്പിക്കുന്നതില്‍ ശങ്കരാചാര്യര്‍ക്ക് വലിയ പങ്കായിരുന്നു ഉണ്ടായിരുന്നത്. വിഷുക്കണി, നിറപറ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കേരളത്തിന്റേതാണ്. ഇത്തരം അനുഷ്ഠാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ആഴത്തിലും തത്വചിന്താപരമായും വിശദീകരണം നല്‍കാന്‍ നമുക്ക് കഴിയണം. രവിശങ്കര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്റെ സാന്നിധ്യം സംഘടനയ്ക്കും സംഘാടകര്‍ക്കും പുത്തന്‍ ദിശാബോധം നല്‍കുന്നതായി. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ്, നോവലിസ്റ് സി. രാധാകൃഷ്ണന്‍, രാജു നാരായണസ്വാമി ഐഎഎസ്, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, ജനം ടിവി എംഡി പി.വിശ്വരൂപന്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, രാഹുല്‍ ഈശ്വര്‍, ഡോ എന്‍.പി.പി. നമ്പൂതിരി, ഡോ ജയനാരായണന്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് ക്ഷണിതാക്കളായി എത്തിയിരുന്നു.

വാദ്യഘോഷത്തിന്റെ അകമ്പടിയോടെ കേരളീയ വേഷം ധരിച്ച നൂറുകണക്കിനാളുകള്‍ പങ്കെടുത്ത നയനമനോഹരമായ ശോഭായാത്രയ്ക്കു ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഇരുനൂറോളം പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര വേറിട്ട കാഴ്ചയായി. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു.വിഷ്ണു സഹസ്രനാമത്തോടും, യോഗ, മെഡിറ്റേഷന്‍ എന്നിവയോടുകൂടിയായിരുന്നു ഓരോ ദിവസത്തേയും പരിപാടികള്‍ ആരംഭിച്ചത്. അടുത്ത ദേശീയ കണ്‍വെന്‍ഷന്‍ 2017ല്‍ ഡിട്രോയിറ്റിലാണ് നടക്കുക. അതിനായി സുരേന്ദ്രന്‍നായര്‍ (പ്രസിഡന്റ്) രാജേഷ് കുട്ടി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയേയും തെരഞ്ഞെടുത്തു കഴിഞ്ഞു.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍