ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രണാമം
Tuesday, July 28, 2015 3:25 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ പതിനൊന്നാമതു രാഷ്ട്രപതിയും, ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്വശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അനുശോചിച്ചു. ജൂലൈ 27-നു നടന്ന അന്താരാഷ്ട്ര ടെലിഫോണ്‍ കോണ്‍ഫറന്‍സിലാണ് അനുശോചനമറിയിച്ചത്.

പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അയച്ച ഡോ. കലാം അനുശോചന പ്രസ്താവന കോണ്‍ഫറന്‍സില്‍ വായിച്ചു. 'രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം രണ്ടു മാസത്തിനു മുമ്പ് പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ആളാണു ഞാന്‍. ഒരുപാടുതവണ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.' കൂടാതെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുലര്‍ച്ചെതന്നെ താന്‍ പുറപ്പെടുകയാണെന്നും തന്റെ പ്രസ്താവനയില്‍ സ്വാമി ഗുരുരത്നം അറിയിച്ചു.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണം ഭാരതത്തിനു തീരാ നഷ്ടമാണെന്ന് ഗ്ളോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലും, അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഭാരതത്തിന് ഒരു യഥാര്‍ഥ പൌരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരിലും പറഞ്ഞു.

ഇന്ത്യയുടെ ഇന്നത്തെ വളര്‍ച്ചയില്‍ പ്രചോദനം നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നു അന്തരിച്ച ഡോ. അബ്ദുള്‍ കലാമെന്ന് ഗ്ളോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ സെക്രട്ടറി ജെയിന്‍ മുണ്ടയ്ക്കല്‍, ഗ്ളോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ളോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ജി.സി.സി കോര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, ബഷീര്‍ അമ്പലായി, പി.വൈ ഷമീര്‍ എന്നിവരും അനുശോചനം രേഖപ്പെടുത്തി. കോണ്‍ഫറന്‍സില്‍ ഗ്ളോബല്‍ ഭാരവാഹികളെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത് അനുശോചനമറിയിച്ചു. ഓഗസ്റ് 6,7 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന കണ്‍വെന്‍ഷനോടനുബന്ധിച്ച് ഡോ. അബ്ദുള്‍ കലാം അനുസ്മരണം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.