വെര്‍ജിനിയായില്‍ ഒമ്പതാമത് മലങ്കര കത്തോലിക്ക കണ്‍വന്‍ഷന്‍ ഓഗസ്റ് ആറു മുതല്‍ ഒമ്പതു വരെ
Monday, July 27, 2015 8:16 AM IST
വെര്‍ജീനിയ: അമേരിക്കയിലെ മലങ്കര സമൂഹങ്ങളുടെ ഔദ്യോഗിക രൂപവത്കരണത്തിനുശേഷം നടക്കുന്ന ഒമ്പതാമത് കണ്‍വന്‍ഷന്‍ ഓഗസ്റ് ആറു മുതല്‍ ഒമ്പതു വരെ വെര്‍ജീനിയായിലെ ലിസ്ബര്‍ഗ് നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും.

മലങ്കര കത്തോലിക്ക സഭയുടെ പൈതൃകവും സാംസ്കാരിക മൂല്യങ്ങളും അമേരിക്കയുടെ തനതായ സാംസ്കാരിക പശ്ചാത്തലത്തില്‍ ഗൌരവമായ ധ്യാനത്തിനും പഠനത്തിനും വിഷയമാക്കുന്നതിനുള്ള ഈ മൂല്യങ്ങള്‍ സഭാ കൂട്ടായ്മയില്‍ അനുഭവിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള വേദിയായാണു പ്രധാനമായും കണ്‍വന്‍ഷനുകള്‍. ഇതു സാധ്യമാക്കുന്നതു സഭാരാധനയുടെ അര്‍ഥപൂര്‍ണമായ ആഘോഷത്തിലൂടെയും പ്രസക്തമായ ക്ളാസ്. ചര്‍ച്ച ഇടവകകളിലൂടെയും വൈവിധ്യമാര്‍ന്ന ഉല്ലാസവസരങ്ങളിലൂടെയും സര്‍ഗശേഷിയുടെ ക്രിയാത്മക പങ്കുവയ്ക്കലിലൂടെയും ഉഷ്മളമായ കൂട്ടായ അനുഭവത്തിലൂടെയുമാണ്.

ഒമ്പതമാണു കണ്‍വന്‍ഷന്റെ പ്രധാന പ്രമേയം കുടുംബം ആണ്. ആഗോള കത്തോലിക്ക സഭയില്‍ ഏതാനും വര്‍ഷങ്ങളായി വളരെ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. കണ്‍വന്‍ഷനില്‍ ഈ വിഷയം മൂന്നു തലങ്ങളിലായാണ് പഠനവിഷയമാക്കുന്നത്. കുടുംബം സ്നേഹത്തിന്റെ ഭവനം, വിശ്വാസത്തിന്റെ കളരി, ജീവിതത്തിന്റെ സ്രോതസ് എന്നിങ്ങനെയാണ്.

അഞ്ചു വിഭാഗങ്ങളിലായിട്ടാണു ക്ളാസുകളും ചര്‍ച്ചകളും നടക്കുക. മുതിര്‍ന്നവര്‍, ചെറുപ്പക്കാരായ ദമ്പതികള്‍, യുവജനങ്ങള്‍, മുതിര്‍ന്ന സ്കൂള്‍ കുട്ടികള്‍, ചെറിയ കുട്ടികള്‍. ഈ അഞ്ചു വിഭാഗങ്ങള്‍ക്കും ക്ളാസുകള്‍ നയിക്കുവാന്‍ പ്രഗല്ഭരുടെയും വിദഗ്ധരുടെയും ഒരു നിരതന്നെ ലഭ്യമാണ്. പ്രശസ്ത വേദപുസ്തക പണ്ഡിതനും വാഗ്മിയുമായ ഫാ. ജോസഫ് പാംപ്ളാനി, കുടുംബ കൌണ്‍സിലര്‍ ഡോ. ഏബ്രഹാം ഒറ്റപ്ളാങ്കല്‍, കരോളിന്‍ ഡിര്‍ക്, ഡോ. മനോജ് മാത്യു, ബിനു ഏബ്രഹാം, രാജേഷ് ജേക്കബ് തുടങ്ങിയവരാണു വിവിധ ക്ളാസുകള്‍ നയിക്കുന്നത്. കൂടാതെ, എല്ലാ ദിവസവും ആഘോഷമായ സമൂഹബലിയും സഭയുടെ ഔദ്യോഗിക പ്രാര്‍ഥനകളുടെ അര്‍ഥവത്തായ ആഘോഷവും ഉണ്ടായിരിക്കും.

അംഗങ്ങളുടെ സര്‍ഗവാസനയുടെ പ്രകടനത്തിനായി മൂന്നു ദിവസവും കലാസന്ധ്യകള്‍ ക്രമീകരിച്ചിട്ടുണ്ട്. ആദ്യ ദിവസം സണ്‍ഡേ സ്കൂള്‍ കുട്ടികളും രണ്ടാം ദിവസം യുവജനങ്ങളും കലാപരിപാടികള്‍ അവതരിപ്പിക്കും. മൂന്നാം ദിവസം ഇടവകയിലെ മുഴുവന്‍ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള കലാസന്ധ്യയാണു സജ്ജീകരിച്ചിരിക്കുന്നത്.

കണ്‍വന്‍ഷന്റെ മറ്റൊരു പ്രധാന ഇനം ക്വിസ് മത്സരമാണ്. കൂടാതെ കായിക മത്സരങ്ങള്‍ക്കുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ എല്ലാ ഇടവകകളില്‍നിന്നായി ഏതാണ്ട് എണ്ണൂറോളം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ കാതോലിക്ക ബാവയുടെയും നാല് മലങ്കര കത്തോലിക്ക മെത്രാന്മാരുടെയും 25ഓളം വൈദികര്‍, 24 സന്യാസിനികള്‍ എന്നിവരുടെ സാന്നിധ്യം ഉടനീളമുണ്ട്. കണ്‍വന്‍ഷന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. എക്സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കോച്ചേരി കോ-ചെയര്‍മാനായും അഗസ്റിന്‍ മംഗലത്ത് ജനറല്‍ കണ്‍വീനറായും എക്സാര്‍ക്കേറ്റ് പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറിയായും കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: മോഹന്‍ വര്‍ഗീസ്