അല്‍ മുന്‍തഹദ ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഷാര്‍ജയില്‍ തുടക്കം
Monday, July 27, 2015 5:26 AM IST
ഷാര്‍ജ: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൌണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രക്ഷാധികാരിയായി സംഘടിപ്പിക്കുന്ന അല്‍ മുന്‍തഹദ 15-ാമത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോണ്‍ഫറന്‍സിനു ഷാര്‍ജയില്‍ തുടക്കംകുറിച്ചു.

ജൂലൈ 25 മുതല്‍ ഓഗസ്റ് നാലു വരെയാണു പരിപാടി. നിരവധി രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ആഗോളതലത്തില്‍ പ്രശസ്തമായ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങള്‍ പ്രബോധനം ചെയ്യുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ക്കു രൂപം കൊടുക്കുകയും ചെയ്യും.

ഷാര്‍ജ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ഷാര്‍ജ ഇസ്ലാമിക് ഫോറത്തിന്റെ മേല്‍നോട്ടത്തിലാണു പരിപാടികള്‍. അറബ് ലോകത്തുള്ള പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരാണ് ക്ളാസുകള്‍ നയിക്കുന്നത്. ഇന്ത്യയില്‍നിന്നു പ്രതിനിധികള്‍ കാരന്തൂര്‍ മര്‍കസുസ്സഖാഫതി സുന്നിയ്യ യുടെ കീഴിലായി, മലപ്പുറം മഅദിന്‍, കുറ്റ്യാടി സിറാജുല്‍ഹുദാ, അരീക്കോട് മജ്മഅ, കൊളത്തൂര്‍ ഇര്‍ഷാദിയ എന്നീ സ്ഥാപനങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാര്‍ഥികള്‍ കോണ്‍ഫറസില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ഇസ്ലാമിക് ഫോറം, ഐസിഎഫ് നേതൃത്വത്തില്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഡോ. അയ്മന്‍ നാജി സലാം, മര്‍കസ് യുഎഇ അക്കഡേമിക് കോ-ഓര്‍ഡിനറ്റര്‍ അബ്ദുന്നാസിര്‍ വാണിയമ്പലം, അബ്ദുസലാം സഖാഫി എരഞ്ഞിമാവു, ഷാര്‍ജ ഐസിഎഫ് പ്രസിഡന്റ് അബ്ദുള്‍ ഖാദിര്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള