വൃക്കരോഗിയായ മുന്‍ പ്രവാസിക്കു നവയുഗം ചികിത്സാ ധനസഹായം കൈമാറി
Monday, July 27, 2015 5:17 AM IST
ദമാം: വൃക്കരോഗത്താല്‍ വലയുന്ന പാവപ്പെട്ട മുന്‍ പ്രവാസിയുടെ ചികിത്സയ്ക്കുവേണ്ടി നവയുഗം കോബാര്‍ മേഖലയിലെ തുക്ബ നോര്‍ത്ത് യൂണിറ്റ് സമാഹരിച്ച സഹായധനം കൈമാറി. കരുനാഗപ്പള്ളി കൊല്ലക സ്വദേശിയായ മുജീബ് റഹ്മാന്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണു സൌദിയിലെ പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയത്. എന്നാല്‍, പ്രവാസജീവിതത്തിന്റെ ബാക്കിപത്രം എന്നവണ്ണം, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ രണ്ടു വൃക്കകളും തകരാറില്‍ ആണെന്ന് കണ്െടത്തി. ഭാര്യ വൃക്ക ദാനം ചെയ്യാന്‍ തയാറായിരുന്നെങ്കിലും, രോഗത്തിന്റെ സങ്കീര്‍ണസ്വഭാവം കാരണം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമല്ല എന്നും, ജീവിതകാലം മുഴുവന്‍, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഡയാലിസിസ് നടത്തുക അല്ലാതെ വേറെ മാര്‍ഗമില്ല എന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. ഓരോ മാസവും ഡയാലിസിസ് നടത്താന്‍ വേണ്ടി 15,000 രൂപയോളം ചെലവുണ്ട്. സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയ രണ്ടു പെണ്‍കുട്ടികളുടെ അച്ഛന്‍ കൂടിയായ മുജീബിന്, പ്രവാസജീവിതം വഴി ഉണ്ടാക്കിയ പണം മുഴുവന്‍ ആറൂ വര്‍ഷത്തോളമായി തുടരുന്ന ചികിത്സയ്ക്ക് വേണ്ടി ചെലവാക്കേണ്ടി വന്നു. തുടര്‍ ചികിത്സയ്ക്കു പണമില്ലാത്ത അവസ്ഥയില്‍ കുടുംബം വലഞ്ഞു.

സൌദിയില്‍ മുമ്പു കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് റഫീക്ക് ആണു മുജീബിന്റെ ദയനീയാവസ്ഥ നവയുഗം തുക്ബ നോര്‍ത്ത് യൂണിറ്റ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് യൂണിറ്റു സെക്രെട്ടറി നിസാര്‍ കരുനാഗപ്പള്ളിയുടെയും, പ്രസിഡന്റ് റഹീം ചവറയുടെയും നേതൃത്വത്തില്‍ നവയുഗം പ്രവര്‍ത്തകര്‍ വളരെ പെട്ടെന്നുതന്നെ ചികിത്സാ സഹായധനം സമാഹരിച്ചു. തുകബയില്‍ നടന്ന ചടങ്ങില്‍ നിസാര്‍ കരുനാഗപ്പള്ളി, മുജീബ് റഹ്മാനു നല്‍കാനായി റഫീക്കിനു ചികിത്സ സഹായധനം കൈമാറി. നവയുഗം കേന്ദ്രകമ്മിറ്റി അംഗം ബെന്‍സി മോഹന്‍, തുക്ബ നോര്ത്ത് യൂണിറ്റ് പ്രസിഡന്റ് റഹീം ചവറ, നവയുഗം പ്രവര്‍ത്തകരായ അജി, ഹരിദാസ്, ജോബി ജേക്കബ്, കാര്‍ത്തിക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം