അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കൊലക്കേസ് പ്രതി ജയില്‍ വിമോചിതനാകുന്നു
Friday, July 24, 2015 5:51 AM IST
ഫ്ളോറിഡ: പന്ത്രണ്ടാം വയസില്‍ പിതാവിന്റെ കാമുകിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കര്‍ട്ടിസ് ജോണ്‍ 15 വര്‍ഷത്തിനുശേഷം ഫ്ളോറിഡ ജയിലില്‍നിന്നു വിമോചിതനാകുന്നു. കര്‍ട്ടിസും (12) സഹോദരി കാതറിനും (13) ചെറുപ്പത്തില്‍ ലൈംഗിക പീഡനത്തിനിരയായതിനു പ്രതികാരം ചെയ്യാന്‍ പിതാവിനെയും കാമുകിയെയും ഒരു മുതിര്‍ന്ന കുടുംബാംഗത്തെയും വധിക്കാനായിരുന്നു പ്ളാന്‍.

1999 ജനുവരിയില്‍ പിതാവിന്റെ 29 വയസുളള കാമുകിക്കു നേരേയാണ് ആദ്യ കര്‍ട്ടിസ് വെടിയുതിര്‍ത്തത്. പിതാവിന്റെ പിസ്റള്‍ തന്നെയാണ് കര്‍ട്ടിസ് ഇതിനുപയോഗിച്ചത്. വെടിയേറ്റു വീണ കാമുകിയുടെ മരണം കണ്ടതോടെ പരിഭ്രാന്തരായ ഇരുവരും മറ്റുള്ളവരെ വധിക്കുന്നതിനുളള ശ്രമം ഉപേക്ഷിച്ച് അടുത്തുളള മരകൂട്ടങ്ങള്‍ക്കിടയില്‍ ഓടി ഓളിച്ചു. പോലീസ് ഇരുവരെയും ജനുവരി ഏഴിനു പിടികൂടി മുതിര്‍ന്നവരായി കണക്കാക്കി കൊലക്കുറ്റത്തിനു കേസെടുത്തു. 18 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇരുവര്‍ക്കും വിധിച്ചത്. കൊലക്കേസ് പ്രതിയായ കര്‍ട്ടിസ് ജയിലില്‍ മിഷനറിയായി അഭിഷേകം ചെയ്യപ്പെട്ടു. ജൂലൈ 28ന് ഇരുവരും ജയില്‍ വിമോചിതരാകുമെന്നു ജയിലധികൃതര്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍