ഡെന്‍വര്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു
Friday, July 24, 2015 4:30 AM IST
ഡെന്‍വര്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ മിഷന്‍ ദേവാലയത്തില്‍ ഭാരത അപ്പസ്തോലനും, മിഷന്റെ സ്വര്‍ക്ഷീയ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ഓര്‍മത്തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളോടെ ആഘോഷിച്ചു.

ജൂലൈ 5നു (ഞായറാഴ്ച) തിരുനാള്‍ ദിനം. വൈകുന്നേരം 5.30നു നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോണ്‍ കോലഞ്ചേരി കപ്പൂച്ചിന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. സജി ചേന്നാത്ത് വി.സി, ഫാ. സോജന്‍ പറപ്പില്‍ കപ്പൂച്ചിന്‍, ഫാ. ജോബ് അറയ്ക്കപ്പറമ്പില്‍ കപ്പൂച്ചിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലി മധ്യേ ഫാ. ജോണ്‍ കോലഞ്ചേരി വചനസന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം തുടങ്ങിയ ചടങ്ങുകളും നടത്തപ്പെട്ടു. 5.30-നു വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയില്‍ മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയോടെ വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരായി പങ്കുകൊണ്ടു. മിഷന്‍ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ തിരുക്കര്‍മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ ജോര്‍ജ് ചക്കാലയില്‍, ബെന്നി ഡേവിസ് മുണ്ടയ്ക്കല്‍, സിജു സെബാസ്റ്യന്‍ കുറവക്കാട്ട്, ടോണി ഫ്രാന്‍സീസ് ഇറയമംഗലം, സുനില്‍ അലക്സാണ്ടര്‍ ഒറ്റത്തെങ്ങില്‍, ജോ ഓലപ്പുറത്ത് എന്നിവരായിരുന്നു.

തിരുനാള്‍ ആഘോഷങ്ങളിലും തിരുക്കര്‍മങ്ങളിലും സജീവമായി പങ്കെടുത്ത എല്ലാ മിഷന്‍ കുടുംബാംഗങ്ങള്‍ക്കും, തിരുനാള്‍ മോടിയാക്കുന്നതിനു പിന്നില്‍ പ്രത്യേകം പ്രവര്‍ത്തിച്ച മിഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്കും മിഷനറീസ് ഓഫ് ചാരിറ്റി സിസ്റേഴ്സിനും മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി ചേന്നാത്ത് നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ തിരുനാള്‍ കര്‍മങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം