അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മീറ്റ് കൊച്ചിയില്‍
Thursday, July 23, 2015 5:52 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ബിസിനസ് സംരംഭകരുടെ സംഘടനയായ കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ഓഫ് നോര്‍ത്ത് അമേരിക്ക (കെസിസിഎന്‍എ) അമേരിക്കയിലേയും കേരളത്തിലേയും ബിസിനസ് പ്രമുഖരുടെ ഒരു സംയുക്ത മീറ്റ് ഓഗസ്റ് അഞ്ചിനു (ബുധന്‍) വൈകുന്നേരം ആറിന് എറണാകുളം കടവന്ത്രയിലെ ഒലിവ് ഡൌണ്‍ടൌണ്‍ ഹോട്ടലില്‍ നടക്കും.

ഹോസ്പിറ്റാലിറ്റി, കെട്ടിട നിര്‍മാണം, ഐടി മേഖലകളിലെല്ലാം സാന്നിധ്യമുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഒലിവ് ഗ്രൂപ്പാണു ബിസിനസ് വര്‍ക്ഷോപ്പിനു ആതിഥേയത്വം വഹിക്കുന്നതെന്ന് കെസിസിഎന്‍എ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്സ് ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കേരളത്തിലെ വ്യവസായികള്‍ക്കു യുഎസിലും ഇവിടുത്തെ വ്യവസായികള്‍ക്കു കേരളത്തിലും ബിസിനസ് തുടങ്ങാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിപാടിയില്‍ കേരളത്തിലെയും പ്രവാസി മലയാളികളായ പ്രമുഖ ബിസിനസുകാരുടേയും സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാകും. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി, ജോയ് ആലുക്കാസ്, കൊച്ചൌസേഫ് ചിറ്റിലപ്പള്ളി, ശീമാട്ടി ഗ്രൂപ്പ് സാരഥി ബീനാ കണ്ണന്‍, ഡോ. പി.വി. മത്തായി, ഭീമ ജ്വല്ലറി എംഡി ബിന്ദ്രന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. അമേരിക്കന്‍ മലയാളി സംരംഭകരെ പ്രതിനിധീകരിച്ചുകൊണ്ട് ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടയ്ക്കല്‍, ജോണ്‍ ടൈറ്റസ്, ബാബു സ്റീഫന്‍, വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍, അജിത് പോള്‍, സുനില്‍ കുമാര്‍ തുടങ്ങി നിരവധി പേര്‍ മീറ്റിംഗില്‍ പങ്കാളികളാകുന്നു.

വര്‍ക്ഷോപ്പിലും സെമിനാറിലും തുടര്‍ന്നു നടക്കുന്ന ഡിന്നറിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡോ. ഗോപിനാഥന്‍ നായര്‍ (സെക്രട്ടറി) 732 915 8813, അനിയന്‍ ജോര്‍ജ് (യുഎസ് കോ-ഓര്‍ഡിനേറ്റര്‍) 908 337 1289, ജെ. ദാമോദരന്‍ (ഇന്ത്യ കോര്‍ഡിനേറ്റര്‍) 91 98460 23440.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം