ഗീതാമണ്ഡലം രാമായണ മാസാചരണത്തിനു തുടക്കംകുറിച്ചു
Thursday, July 23, 2015 5:52 AM IST
ഷിക്കാഗോ: ഷിക്കാഗോ ഗീതാമണ്ഡലം, ഈ വര്‍ഷത്തെ രാമായണ മാസ ആരംഭം ഭാഗവത ആചാര്യന്‍ മണ്ണടി ഹരിജിയുടെ രണ്ടു ദിവസം നീണ്ടുനിന്ന രാമായണ യജ്ഞത്തോടെ ജൂലൈ 18നു ആരംഭിച്ചു.

രാവിലെ എട്ടിനു വിഷ്ണുസഹസ്രനാമത്തോടെ ആരംഭിച്ച രാമായണ യജ്ഞം ഭക്തരെ ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. രാമായണ വായനയോടൊപ്പംതന്നെ നടത്തിയ രാമായണ പ്രവചനങ്ങള്‍ ഭകതര്‍ക്കു നവ്യാനുഭൂതി നല്‍കാന്‍ സാധിച്ചു.

'രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ഠവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാരചരിത്രത്തിലുണ്ടായിട്ടില്ല' എന്ന വിവേകാനന്ദ സ്വാമികളുടെ രാമായണത്തെക്കുറിച്ചുള്ള വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആണ് ആചാര്യന്‍ പ്രവചനം ആരംഭിച്ചത്. ക്ഷണഭംഗുരമാണു മര്‍ത്യജീവിതമെന്നും ബ്രാഹ്മണനാണെന്നും ധനികനാണെന്നും ധീരനാണെന്നുമൊക്കെ അഹങ്കാരംകൊണ്ടു മദിക്കുന്നവര്‍ ഒരു ദിവസം വെന്തു വെണ്ണീറാകുമെന്ന പരമമായ സത്യം നാം ഓരോ നിമിഷവും ഓര്‍മിക്കണം. രാജ്യം, ദേശം, ധനം, ധാന്യം എന്നിവ നശ്വരമാണെന്നു ശ്രീരാമനിലൂടെ എഴുത്തച്ഛന്‍ രാമായണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല ഇതു വായിച്ചാല്‍ കാമം, ക്രോധം, മോഹം എന്നിവ നിയന്ത്രിക്കാന്‍ കഴിയുകയും ജനനം, മരണം, ദുഃഖം എന്നിവയെക്കുറിച്ചു ചിന്തിച്ച് ജീവിതം വ്യര്‍ഥമാക്കാതെ തെറ്റുകള്‍ മനസിലാക്കി തിരുത്തി, മനസ് ശുദ്ധമാക്കി രാമായണ പാരായണം നടത്തി ശ്രീരാമ ഭക്തിയില്‍ ജീവിച്ച് മോക്ഷം പ്രാപിക്കാന്‍ വളരെ വേഗം സാധിക്കുമെന്ന് ആചാര്യന്‍ പ്രവചനവേളയില്‍ അഭിപ്രായപ്പെട്ടു.

ഹൈന്ദവരുടെ ഏറ്റവും പ്രധാനപ്പെട്ട മാസമായ രാമായണമാസത്തിലെ യജ്ഞ സമ്മര്‍പ്പണത്തില്‍ പങ്കെടുക്കുവാന്‍ ഭക്തരുടെ അഭൂതപൂര്‍വമായ പ്രവാഹം ആണ് കാണാന്‍ കഴിഞ്ഞത്. ജയചന്ദ്രന്‍, ശേഖരന്‍ അപ്പുകുട്ടന്‍, ബൈജു മേനോന്‍ എന്നിവര്‍ രാമായണ യജ്ഞത്തിന്റെ സുഗമമായ നടത്തിപ്പിനു നേതൃത്വം നല്‍കി. രണ്ടു ദിവസം നീണ്ടു നിന്ന ഈ മഹാസംരംഭം ഒരു വന്‍ വിജയ മാക്കുവാന്‍ സാധിച്ചത് ജഗദീശ്വേരന്റെ കൃപയും യജ്ഞ ആചാര്യന്റെ അനുഗ്രഹവും ഭക്തജനങ്ങളുടെ നിസീമമായ സഹകരണം ഒന്നുകൊണ്ടു മാത്രമാണെന്ന് ജയചന്ദ്രന്‍ നന്ദി പ്രകാശ വേളയില്‍ അറിയിച്ചു. ഓഗസ്റ് ഒന്നിനു നടക്കാന്‍ പോകുന്ന സ്വാമി ഉദിത് ചൈതന്യയുടെ 'ജീവിതം എങ്ങനെ ആനന്ദപ്രദമാക്കാം' എന്ന പ്രഭാഷണത്തിന് ഏവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം