അബുദാബി മലയാളിസമാജം സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
Thursday, July 23, 2015 5:51 AM IST
അബുദാബി: വേനലവധിക്കാലത്ത് കുട്ടികള്‍ക്കു വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്നതിനായി മലയാളിസമാജം ഒരുക്കുന്ന 'കളിയരങ്ങ്' സമ്മര്‍ ക്യാമ്പിനു 23നു വൈകുന്നേരം ഏഴിനു തുടക്കം കുറിക്കും. 16 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് മുസഫയിലെ സമാജം അങ്കണത്തിലാണ് നടക്കുക. പ്രമുഖ കലാസംവിധായകനും ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറുമായ ചിക്കൂസ് ശിവനാണു ക്യാമ്പിനു നേതൃത്വം നല്‍കുന്നത്.

കുട്ടികളുടെ സൌകര്യാര്‍ഥം വിവിധ സ്ഥലങ്ങളില്‍നിന്നു വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ചിത്ര കല, നാടന്‍ പാട്ടുകള്‍, അഭിനയം, പൊതുവിജ്ഞാനം, വിനോദപരിപാടികള്‍, നാടകം എന്നീ പരിപാടികള്‍ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്െടന്നു ഭാരവാഹികള്‍ അറിയിച്ചു.

ലൈഫ് കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണു പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സമാജം കലാവിഭാഗം ഒരുക്കുന്ന ശവ്വാല്‍ അമ്പിളി എന്ന പരിപാടിയും 23ന് അരങ്ങേറും.

പ്രസിഡന്റ് യേശുശീലന്‍, സെക്രട്ടറി സതീഷ് കുമാര്‍, എ.എം. അന്‍സാര്‍, ഫസലുദീന്‍, അബ്ദുള്‍ ഖാദര്‍, ലൈഫ് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ കൃഷ്ണകാന്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള