യൂത്ത് ഇന്ത്യ ഈദ് ആഘോഷം ശ്രദ്ധേയമായി
Thursday, July 23, 2015 5:51 AM IST
കുവൈറ്റ് സിറ്റി: വൈവിധ്യങ്ങളായ പരിപാടികളോടെ പ്രവാസലോകം പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ച ഈദ് ആഘോഷം വ്യത്യസ്തമായി. മാസങ്ങളായി ജോലിയും ശമ്പളവും മതിയായ ഭക്ഷണവും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന മംഗഫിലെ ജമാല്‍ ട്രേഡിംഗ് കമ്പനിയിലെ കാറ്ററിംഗ് തൊഴിലാളികള്‍ക്കൊപ്പമാണ് യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ ഈദ്ദിനം ചെലവഴിച്ചത്.

മലയാളികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് 'ഈദ് @ ലേബര്‍ ക്യാമ്പ്' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി ചെറിയ പെരുന്നാളിന്റെ ആഘോഷനിമിഷങ്ങളാണു സമ്മാനിച്ചത്.

പെരുന്നാള്‍ദിനത്തില്‍ ഭൂമിയിലെ പാവങ്ങളുടെയും മര്‍ദിതന്റെയും കണ്ണീരിന്റെ ഉപ്പുരസം കൂടി അറിയുമ്പോഴാണ് ആഘോഷങ്ങള്‍ പൂര്‍ണമാകൂ എന്ന പ്രവാചക സന്ദേശം പ്രയോഗവത്കരിക്കുകയായിരുന്നു യൂത്ത് ഇന്ത്യ വോളന്റിയര്‍മാര്‍. ആഘോഷകളുടെ വര്‍ണതകള്‍ക്കപ്പുറം മനസുകളെ അടുത്തറിയാനും പ്രയാസങ്ങളില്‍ പങ്കുചേര്‍ന്ന് ഒന്നിച്ചിരുന്ന് പെരുന്നാള്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചതും തൊഴിലാളികള്‍ക്ക് ആശ്വാസമേകി.

യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി പി.ടി.ഷാഫി, പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ കെ. റഷീദ്, കെഐജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് കെ. മൊയ്തു, വൈസ് പ്രസിഡന്റ് അന്‍വര്‍ ഷാജി, അബ്ദുള്‍ റസാക്ക് നദവി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍