ഇന്ത്യയും സൌദിയും തമ്മില്‍ സമ്പൂര്‍ണ തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കും
Wednesday, July 22, 2015 6:12 AM IST
ദമാം: വീട്ടു ജോലിക്കാരെ മാത്രല്ല, മുഴുവന്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യയും സൌദിയും തമ്മില്‍ സമ്പൂര്‍ണ തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നു റിയാദിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇന്ത്യ ഗവണ്‍മെന്റ സൌദിയിലേക്കു വീട്ടുജോലിക്കാരെ അയയ്ക്കുന്നില്ലന്ന നിലയില്‍ ചില റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പുറത്തുപോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളേയും ഇന്ത്യ തടയുകയില്ല. എന്നാല്‍ പുറത്തു പോയി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമില്ല. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിവരികയാണ്.

നിലവില്‍ ഇന്ത്യയും സൌദിയും തമ്മില്‍ ഗാര്‍ഹിക തൊഴില്‍ കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്. എന്നാല്‍ സൌദിക്കു ആവശ്യമായി വരുന്ന മുഴുവന്‍ വീട്ടു ജോലിക്കാരെയും നല്‍കാമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയിട്ടില്ല.

സൌദിയിലെത്തുന്ന വീട്ടുജോലിക്കാരുടെയും അവരുടെ തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലക്കുള്ള കരാറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നര വര്‍ഷം മുമ്പ് ഒപ്പുവച്ചത്.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സൌദിയുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചത്. മറിച്ച് ഇന്ത്യന്‍ ജോലിക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ്.

അതേസമയം സമഗ്ര തൊഴില്‍ കരാറിനെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാട് സൌദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലെന്നും ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം