രോഗം തളര്‍ത്തിയ പ്രവാസിയുടെ കുടുംബത്തിനു ദമാം പൈതൃകത്തിന്റെ സാന്ത്വനം
Wednesday, July 22, 2015 6:11 AM IST
ദമാം: അച്ഛനും അമ്മയും ഭാര്യയും മാരക രോഗത്തിനു അടിപ്പെട്ട കുടുംബത്തിന്റെ അത്താണിയായ കൊല്ലം സ്വദേശി ബിജു കുടുംബത്തിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം തേടി ഏറെ പ്രതീക്ഷയോടെയാണ് സൌദിയില്‍ എത്തിയത്. ദമാമിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ഹൌസ് ഡ്രൈവറായി ജോലി നോക്കി വരുന്നതിനിടയിലാണ് ബിജുവിനു നട്ടെല്ലിനു കലശലായ വേദന പിടിപെടുന്നത്. താത്കാലിക ചികിത്സകള്‍ നടത്തിയെങ്കിലും കാര്യമായ ഗുണം ലഭിച്ചില്ല. തുടര്‍ന്നു ജോലി ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നാട്ടിലേക്കു മടങ്ങി പോകുവാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഇപ്പോള്‍ കൊല്ലം ഡിസ്ട്രിക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ബിജുവിന് കൃത്യമായ മറ്റു വരുമാനങ്ങളോ, താമസ യോഗ്യമായ വീടോ ഇല്ലാത്ത അവസ്ഥയില്‍ തുടര്‍ ചികിത്സക്കുള്ള പണം കണ്െടത്താന്‍ കഴിയാതെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ നിലയിലാണ്. കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ കടല്‍ കടന്നു എത്തിയ ഈ പ്രവാസിയുടെ ജീവിതം ഇന്ന് കണ്ണീര്‍ക്കടലിലാണ്.

ബിജുവിന്റെ അവസ്ഥ മനസിലാക്കിയ ദമാം പൈതൃകം പ്രവര്‍ത്തകര്‍ ടിക്കറ്റും മറ്റു യാത്രാ സൌകര്യങ്ങളും സംഘടിപ്പിച്ചു നല്‍കി തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു.

ദമാം പൈതൃകം റംസാന്‍ റിലീഫിന്റെ ഭാഗമായി ദമാമില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ബിജുവിന്റെ കുടുംബത്തിനുള്ള സഹായം സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കവും പൈതൃകം പ്രസിഡന്റ് സലിം ചത്തനൂരും ചേര്‍ന്നു കൈമാറി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം