സൌദിയില്‍ റോഡപകടങ്ങളുടെ പരമ്പര; നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞു
Wednesday, July 22, 2015 6:10 AM IST
ദമാം: പെരുന്നാള്‍ അവധിദിനങ്ങളില്‍ സൌദിയുടെ വിവിധ മേഖലകളില്‍ ഉണ്ടായ അപകടങ്ങളില്‍ നിരവധി ആളുകള്‍ക്കു ജീവഹാനി സംഭവിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ജീസാനില്‍ സ്വദേശി കുടുബം സഞ്ചരിച്ചിരുന്ന കാര്‍ ഒട്ടകത്തെ ഇടിച്ച് മാതാപിതാക്കളും രണ്ടു പെണ്‍കുട്ടികളുമാണു മരിച്ചത്. അപകടത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ശനിയാഴ്ചയുണ്ടായ മറ്റൊരപകടത്തില്‍ സ്വദേശി കുടുബം സഞ്ചരിച്ചിരുന്ന വഹാനം റോഡില്‍നിന്നു തെന്നി താഴ്ചയിലേക്കു പതിച്ച് വാഹനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചു. അപകടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളും മരിച്ചിട്ടുണ്ട്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നതെന്നാണു വിലയിരുത്തല്‍.

റംസാനില്‍ ഒരു മാസത്തോളം രാത്രി ഉറക്കമൊഴിച്ച് പകല്‍ ഉറങ്ങുന്ന ശീലമാണു പൊതുവെ. എന്നാല്‍, റംസാന്‍ കഴിഞ്ഞ ഉടനെ ദിനചര്യയില്‍ പെട്ടെന്ന് വന്ന മാറ്റമാകാം അപകടങ്ങള്‍ക്ക് മുഖ്യ കാരണമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം