അര്‍മേനിയന്‍ രക്തസാക്ഷികളെ അനുസ്മരിച്ച് ക്രൈസ്തവ സഭകള്‍
Wednesday, July 22, 2015 6:06 AM IST
യരേവന്‍: അര്‍മേനിയന്‍ രക്തസാക്ഷികളെ അനുസ്മരിച്ച് അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള ഓര്‍ത്തഡോക്സ് ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ ശുശ്രൂഷയിലും വിശുദ്ധ മൂറോന്‍ കൂദാശയിലും മലങ്കരസഭയും ഭാഗഭാക്കായി. അര്‍മേനിയന്‍ കാതോലിക്കോസ് ആരാം ഒന്നാമന്‍ ശുശ്രൂഷകള്‍ക്കു പ്രധാന കാര്‍മികത്വം വഹിച്ചു.

ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയോടൊപ്പം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഫാ. ഡോ.ബേബി വര്‍ഗീസ്, ഫാ. ഏബ്രഹാം തോമസ്, ഡി. ഷിബു കാട്ടില്‍, ജേക്കബ് മാത്യു കുളഞ്ഞികൊമ്പില്‍ എന്നിവരടങ്ങുന്ന പ്രതിനിധിസംഘം അനുഗമിച്ചു.

1915ല്‍ അര്‍മേനിയയില്‍ നടന്ന വംശഹത്യയുടെ നൂറാം വാര്‍ഷിക അനുസ്മരണ ശുശ്രൂഷയില്‍ പരിശുദ്ധ കാതോലിക്കാ ബാവക്കൊപ്പം കൊപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ പരിശുദ്ധ തെവദോറോസ് രണ്ടാമന്‍, ഈജിപറ്റ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ തലവന്‍ പോപ്പ് തെയോഡോറോസ് രണ്ടാമന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ ആബൂന മത്യാസ് പാത്രിയര്‍ക്കീസുമുള്‍പ്പെടെ വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.