ലാസ് വേഗസില്‍ ത്രിദിന ഓണാഘോഷം: വെങ്കടേശന്‍ അശോക് മുഖ്യാതിഥി
Wednesday, July 22, 2015 6:05 AM IST
ലാസ് വേഗസ്: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസിന്റെ ഓണാഘോഷം ഓഗസ്റ്റ് 7, 15, 16 എന്നീ തീയതികളില്‍ ലാസ് വേഗസിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും.

വോളിബോള്‍ ടൂര്‍ണമെന്റ്, ചീട്ടുകളി മത്സരം, ചെസ് ടൂര്‍ണമെന്റ്, എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന വിവിധയിനം കായിക മത്സരങ്ങള്‍, സ്ത്രീ-പുരുഷന്മാര്‍ക്കായി പ്രത്യേക വടം വലി മത്സരം, സമാപന ദിവസം കേരളത്തിന്റെ തനതായ കലാപരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെ ഭാഗമായിരിക്കും.

ഓഗസ്റ് ഏഴിനു (ശനി) ഹെന്‍ഡേഴ്സനിലെ സാന്റി റിഡ്ജ് പാര്‍ക്കിലാണു വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതു സന്തോഷ് മാത്യു ആണ്.

15നു (ശനി) വൈകുന്നേരം 4.30 മുതല്‍ ഓണം പിക്നിക്, ചീട്ടുകളി മത്സരം, എല്ലാ പ്രായക്കാര്‍ക്കായി വിവിധയിനം കായിക മത്സരങ്ങള്‍, വടം വലി മത്സരം, ഓണ സദ്യ തുടങ്ങി ഒട്ടേറെ പരിപാടികള്‍ രാത്രി 10 വരെ നടക്കും.

ഓണാഘോഷത്തിന്റെ സമാപന സമ്മേളനം 16നു വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ ലാസ് വേഗസിലെ ഫ്ളമിന്‍ഗോ തിയേറ്ററില്‍ വിവിധ കലാപരിപാടികളോടെ നടക്കും.

സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ജനറല്‍ വെങ്കടേശന്‍ അശോക് ആണ് ആഘോഷത്തിലെ മുഖ്യാതിഥി. കള്‍ച്ചറല്‍ സെക്രട്ടറി ഷൈനി തോമസിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക കമ്മിറ്റിയാണു കലാപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: വത്സമ്മ ജോണ്‍ (അസോ. പ്രസിഡന്റ്) 702 466 8492, ജോസ് ഓണാട്ട് (സെക്രട്ടറി) 702 427 5826, ഷൈനി തോമസ് (കള്‍ച്ചറല്‍ സെക്രട്ടറി) 702 215 1616.

റിപ്പോര്‍ട്ട്: ജോണ്‍ ജോര്‍ജ്