ബാള്‍ട്ടിമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
Tuesday, July 21, 2015 5:06 AM IST
ബാള്‍ട്ടിമോര്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്കു ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ കൊടിയേറി. ബാള്‍ട്ടിമോര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ദൈവാലയം യാഥാര്‍ഥ്യമായതിനു ശേഷമുള്ള ആദ്യത്തെ തിരുനാള്‍ ജൂലൈ 19 മുതല്‍ 26 വരെ ആണു കൊണ്ടാടുന്നത്.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം 19ന് ദേവാലയ അങ്കണത്തില്‍ ഇടവക വികാരി ഫാ. ജയിംസ് നിരപ്പേല്‍ നിര്‍വഹിച്ചു. തുടര്‍ന്നു ഇംഗ്ളീഷിലുള്ള വിശുദ്ധ കുര്‍ബാനയും തിരുശേഷിപ്പു വണക്കവും നടന്നു. ഇടവകയിലെ യൂത്ത് ക്വയര്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്കി.

തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു നൊവേനയും ഉണ്ടായിരിക്കും. ഫാ. മാത്യു പുഞ്ചയില്‍, ഫാ. ബിനോയ് അക്കാലയില്‍, ഫാ. ജോഷി മാപ്പിളപ്പറമ്പില്‍, ഫാ. ടിജോ ജോയി, ഫാ. ജേക്കബ് വടക്കേക്കുടിയില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്കും.

ശനിയാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 5.30-നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയോടു കൂടി ആരംഭിക്കും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു നൊവേനയും തിരുശേഷിപ്പു വണക്കവും ഉണ്ടായിരിക്കും. ഇതേത്തുടര്‍ന്ന് ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തില്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സിസിഡി സ്കൂള്‍, മലയാളം ക്ളാസ്, ബൈബിള്‍ ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിനു ശേഷം സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും.

ജൂലൈ 26 ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ പത്തു മണിക്ക് ആരംഭിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ. ജോണ്‍ മേലേപ്പുറം മുഖ്യകാര്‍മികത്വം വഹിക്കും. നൊവേന, ലദീഞ്ഞ് പ്രദക്ഷിണം എന്നീ കര്‍മങ്ങള്‍ക്കുശേഷം വിശുദ്ധയുടെ തിരുശേഷിപ്പു വണങ്ങാനുള്ള സൌകര്യം ഉണ്ടായിരിക്കും. സ്നേഹ വിരുന്നോടു കൂടി ഈ വര്‍ഷത്തെ തിരുനാളിനു തിരശീല വീഴും.

കൈക്കാരന്മാരായ ഷാജി പടിയാനിക്കല്‍, ജോസ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ പരിഷ് കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും ഒത്തുചേര്‍ന്ന് തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം