'ഇസ്ലാം സമാധാനത്തിന്റെ സന്ദേശം'
Monday, July 20, 2015 5:12 AM IST
അബാസിയ: മാനവ സമൂഹത്തിനു ക്ഷേമവും ഐശ്വര്യവും നേരുന്ന സമാധാനത്തിന്റെ സന്ദേശമാണ് ഇസ്ലാമെന്നു കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി. അബാസിയ ദാറുസിഹ പോളിക്ളിനിക് ഗ്രൌണ്ടില്‍ കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹ് ഖുതുബ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ആദര്‍ശം, ജീവന്‍, ധനം, അഭിമാനം, ബുദ്ധി തുടങ്ങി സുപ്രധാന അടിസ്ഥാന കാര്യങ്ങളുടെ സംരക്ഷണവും പരിപോഷണവും ഇസ്ലാമില്‍ പ്രഥമ ഗണനീയമായ കാര്യമാണ്. യുദ്ധങ്ങളും അഭ്യന്തര കലാപങ്ങളും വ്യാപകമാകുന്നതിന്റെ പ്രധാന കാരണം മനുഷ്യ ജീവനെ സംരക്ഷിക്കുന്നതിനുള്ള ഇസ്ലാം മുന്നോട്ടുവച്ച പ്രധാന മാനദണ്ഡങ്ങള്‍ ഒഴിവാക്കിയതുകൊണ്ടാണ്. അനാവശ്യമായ ഒരു മനുഷ്യവധം മാനവകുലത്തിന്റെ വധത്തോടും സംഹാരത്തോടുമാണു ഖുര്‍ആന്‍ താരതമ്യപ്പെടുത്തിയതെന്ന് മദനി വ്യക്തമാക്കി. സാമ്പത്തികക്രമങ്ങളില്‍ ഇസ്ലാം നിശ്ചയിച്ച പലിശരഹിത സംവിധാനത്തിലേക്ക് ഇപ്പോള്‍ ലോകം നടന്നടുത്തുകൊണ്ടിരിക്കുകയാണ്. പലിശ ഭുജിക്കുന്നത് സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിനേക്കാളും മാരകമായിട്ടാണ് ഇസ്ലാം കാണുന്നത്.

കുവൈറ്റിന്റെ സമാധാനന്തരീക്ഷം സുപ്രധാനമാണ്. ഇവിടെ നിവസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷിതത്വം ഈ രാജ്യത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. ഈ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ പ്രവാസി സഹോദരങ്ങള്‍ മുന്‍പന്തിയിലുണ്ടാവണം. ഇന്ത്യക്കാര്‍ സമാധാന കാംക്ഷികളാണെന്ന സല്‍പേര് നിലനിര്‍ത്താന്‍ യത്നിക്കണമെന്നും മദനി ആഹ്വാനം ചെയ്തു.

കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി 11 സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു. സാല്‍മിയ പ്രൈവറ്റ് എഡ്യൂക്കേഷന്‍ പാര്‍ക്ക് ഗ്രൌണ്ടില്‍ ഷമീര്‍ അലി എകരൂലും ഫഹാഹീലില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൌെണ്ടില് സ്വലാഹുദ്ദീന് സ്വലാഹിയും, ഫര് വാനിയ ഗാര്ഡന് സമീപത്തുള്ള ഗ്രൌണ്ടില്‍ മുഹമ്മദ് അഷ്റഫ് മദനി എകരൂലും അബൂഹലീഫ ബീച്ച് റോഡില്‍ അബൂഹലീഫ ഫാര്‍മസിക്ക് സമീപമുള്ള ഫുട്ബോള്‍ ഗ്രൌണ്ടില്‍ മുജീബുറഹ്മാന്‍ സ്വലാഹിയും മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ കെ.സി. മുഹമ്മദ് നജീബ് എരമംഗലവും ജഹ്റ അല്‍ ഒര്‍ഫ് ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള ഗ്രൌണ്ടില്‍ അബ്ദുസലാം സ്വലാഹിയും ഹവല്ലിയില്‍ സൈതലവി സുല്ലമിയും ശര്‍ഖ് പോലീസ് സ്റേഷനു സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ ഹാഫിദ് സാലിഹ് സുബൈറും ഖൈത്താന്‍ അമേരിക്കന്‍ ബൈലിംഗല്‍ സ്കൂളിനു സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ ഹാഫിദ് മുഹമ്മദ് അസ്ലമും മഹബൂലയില്‍ മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിയില്‍, സാജു നുസ് രി ചെംനാടും ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കി. ഈദുഗാഹുകളില്‍ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം ആളുകള്‍ പങ്കെടുത്ത് ഈദ് ആശംസകള്‍ പങ്കിട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍