മാതൃഭാഷ പഠനം, അനുഭവങ്ങള്‍ പങ്കുവച്ച് അധ്യാപകര്‍ ഒത്തുചേര്‍ന്നു
Monday, July 20, 2015 4:46 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സൌജന്യ മാതൃഭാഷാപഠന ക്ളാസുകളിലെ ഫഹഹീല്‍ മേഖലയിലെ 36 ക്ളാസുകളിലെയും അദ്ധ്യാപകര്‍ ഒത്തുചേര്‍ന്നു തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

മംഗഫിലെ ഫഹഹീല്‍ കലാ സെന്ററില്‍ ചേര്‍ന്ന ഒത്തുചേരല്‍ സമിതി ചെയര്‍മാന്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മേഖലാ സെക്രട്ടറി സുഗതകുമാര്‍ അധ്യക്ഷനായിരുന്നു. ഭാഷാ സമിതി സിലബസ് കമ്മറ്റി ചെയര്‍മാനും ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച് പ്രധാനാധ്യാപകനുമായ രാജേഷ് നായര്‍ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകന പഠന സഹായിയുടെ മൂന്നാം ഭാഗം സിലബസ് കമ്മറ്റി ചെയര്‍മാന്‍ രാജേഷ് നായര്‍ ജോണ്‍ മാത്യുവിനു നല്‍കി പ്രകാശനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, സമിതി ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട്, ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍പേര്‍സന്‍ ലിസി കുര്യാക്കോസ്, ജോയ് മുണ്ടാക്കാടന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനു ഭാഷ സമിതി മേഖല കണ്‍വീനര്‍ പ്രസീദ് കരുണാകരന്‍ സ്വാഗതവും മേഖല ജോയിന്റ് കണ്‍വീനര്‍ ജ്യോതിഷ് ചെറിയാന്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍