സാന്ത്വന സ്പര്‍ശമായി സൊലസിനു ദമാം മീഡിയ ഫോറത്തിന്റെ സഹായം
Saturday, July 18, 2015 8:05 AM IST
ദമാം: മാരക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും താങ്ങുംതുണയുമായി തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന സൊലസിന് ദമാം മീഡിയ ഫോറത്തിന്റെ സഹായ ഹസ്തം.

വാര്‍ത്താസമ്മേളനങ്ങളിലൂടെ സമാഹരിച്ച ഒരു ലക്ഷംരൂപയാണ് സഹായമായി നല്‍കുന്നത്. തുക തൃശൂരിലെ സെന്ററില്‍ നേരിട്ടെത്തി ഫോറം പ്രതിനിധികള്‍ അടുത്ത ദിവസം കൈമാറുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെ പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ ഭക്ഷണവും മരുന്നും നല്‍കുന്ന അക്ഷയപാത്രം പദ്ധതിക്ക് ഒരു ലക്ഷം രൂപയും കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുടുംബത്തിന് വീടു നിര്‍മാണത്തിന് നാലു ലക്ഷം രൂപയും മുന്‍വര്‍ഷങ്ങളില്‍ മീഡിയ ഫോറം നല്‍കിയിരുന്നു. പ്രഫ. എം.എ. റഹ്മാന്റെ നേതൃത്വത്തിലുള്ള എന്‍വിസാഗ് ട്രസ്റാണ് ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നത്.

ഏഴു വര്‍ഷം മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ലുക്കേമിയ വാര്‍ഡിനോട് ചേര്‍ന്ന് പ്ളേ തെറാപ്പി യൂണിറ്റ് നിര്‍മിച്ചുകൊണ്ടായിരുന്നു ഷീബ അമീറിന്റെ നേതൃത്വത്തില്‍ സൊലസിന്റെ തുടക്കം. കാന്‍സര്‍, തലസേമിയ, നെഫ്രോട്ടിക് സിന്‍ഡ്രം, സെറിബ്രല്‍ പാള്‍സി, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികില്‍സയ്ക്ക് വകയില്ലാതെ പ്രയാസപ്പെടുന്ന എണ്ണൂറോളം കുടുംബങ്ങള്‍ക്ക് സഹായകരമാകാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. മാസം എട്ടര ലക്ഷത്തിലധികം രൂപയാണ് ചെലവ്. മാരകമായ പല അസുഖങ്ങള്‍ക്കുമുള്ള ജീവന്‍ രക്ഷാ മരുന്നുകളാണ് സൊലസ് നല്‍കിക്കൊണ്ടിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം