അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുഗ്രഹീത സാന്നിധ്യം
Saturday, July 18, 2015 5:19 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഇരുപത്തൊമ്പതാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സില്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യം സഭാ ചരിത്രത്തില്‍ അവസ്മരണീയ മുഹൂര്‍ത്തങ്ങളായി.

പാത്രിയര്‍ക്കീസ് ബാവയോടൊപ്പം ചുരുങ്ങിയ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതിനും അതുവഴി ശ്ളൈഹിക വാഴ് വുകള്‍ സ്വീകരിച്ച് അനുഗ്രീതരാകുന്നതിനും തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച ധന്യനിമിഷങ്ങള്‍ വിശ്വാസികളേവര്‍ക്കും ഒരു പുത്തന്‍ ഉണര്‍വിന്റെ അനുഭവങ്ങളായി മാറി.

മലങ്കര സഭ സന്ദര്‍ശന വേളയില്‍ സഭാമക്കള്‍ നല്‍കിയ സ്നേഹവും വരവേല്‍പ്പും വിസ്മരിക്കുന്നതല്ലെന്നും എക്കാലവും മനസില്‍ മായാതെ കാത്തുസൂക്ഷിക്കുമെന്നും സഭാമക്കളുടെ കളങ്കമറ്റ സ്നേഹത്തില്‍ ഏറെ സന്തുഷ്ടിയുണ്െടന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.

സിറിയ, ഇറാക്ക് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു സഹോദരങ്ങളുടെ അവസ്ഥകള്‍ വിവരിച്ച ബാവ, ക്രൈസ്തവ സാക്ഷ്യം കൈവരിച്ച് പീഡിതര്‍ക്കാശ്വാസവും ആലംബഹീനര്‍ക്ക് ആശ്രയവുമായി അചഞ്ചലമായ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് പ്രാര്‍ഥന ജീവിതമുള്ളവരായി, ലോകനന്മക്കായി നില കൊള്ളുവാന്‍ പാത്രിയര്‍ക്കീസ് ബാവ സഭാമക്കളെ ആഹ്വാനം ചെയ്തു. തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അനുദിനം അഭിവൃദ്ധിയിലേക്ക് മുന്നേറുന്നതില്‍ ഏറെ സന്തുഷ്ടിയുണ്െടന്ന് ബാവ അറിയിച്ചു.

ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന മലങ്കര ദീപം സുവനിയറിന്റെ പ്രകാശനം പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിച്ചു.

സമാപനദിവസമായ ശനി രാവിലെ എട്ടിന് പാത്രിയര്‍ക്കീസ് ബാവയുടെ പ്രധാന കാര്‍മികത്വത്തിലും മെത്രാപ്പോലീത്തമാരുടെയും വൈദികരുടേയും സഹകാര്‍മികത്വത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍