ജയില്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതി ഒബാമയ്ക്കു സ്വന്തം
Friday, July 17, 2015 7:55 AM IST
ഒക്ലഹോമ: ഫെഡറല്‍ പ്രിസണ്‍ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന ബഹുമതി ബറാക് ഒബാമയ്ക്കു സ്വന്തം. ഒക്ലഹോമ സിറ്റിക്കു പുറത്തുളള എല്‍റിനോ ഫെഡറല്‍ പ്രിസണിനു മുമ്പില്‍ ജൂലൈ 17 നു (വ്യാഴം) കറുത്ത കവചിത വാഹനമായ ലീമൊ യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വന്നിറങ്ങിയപ്പോള്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായംകൂടി എഴുതിച്ചേര്‍ക്കുകയായിരുന്നു.

ജോര്‍ജ് വാഷിംഗ്ടണ്‍ മുതല്‍ ജോര്‍ജ് ഡബ്ള്യു ബുഷ് വരെയുള്ളവര്‍ അമേരിക്കന്‍ പ്രസിഡന്റിന്റ് പദവിയിലിരുന്നുവെങ്കിലും ഫെഡറല്‍ പ്രിസണ്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതി ഒബാമക്ക് സ്വന്തം.

കുറ്റ കൃത്യങ്ങള്‍ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നു പുനര്‍വിചിന്തനം ചെയ്യുക, തടവുകാരുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ദേശീയ വിഷയങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നതിനാണ് ഇങ്ങനെയൊരു സന്ദര്‍ശനം ക്രമീകരിച്ചതെന്ന് ഒബാമ പറഞ്ഞു.

'ചെറുപ്പക്കാരായ തടവുകാര്‍ ചെയ്ത തെറ്റുകളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല ഞാന്‍ ചെയ്തിട്ടുളള തെറ്റുകളും' ഒബാമ യുവ തടവുകാരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. തുടര്‍ന്ന് ഓരോ സെല്ലുകളും ഒബാമ സന്ദര്‍ശിച്ചു. ഒമ്പതടി വീതിയും 10 അടി നീളവുമുളള സെല്ലുകളില്‍ മൂന്നു മുതിര്‍ന്ന തടവുകാരെയാണു പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തീകരിച്ച തടവുകാര്‍ക്കു വോട്ടവകാശം പുനഃസ്ഥാപിക്കാനുളള നടപടികളെക്കുറിച്ചും ഒബാമ വിശദീകരിച്ചു.

മയക്കുമരുന്നു കേസുകളില്‍ ആക്രമ സ്വഭാവമില്ലാത്ത 46 തടവുപുള്ളികളുടെ ശിക്ഷാകാലാവധി പ്രസിഡന്റ് നിക്ഷിപ്തമായ അധികാരമുപയോഗിച്ചു ഇളവ് ചെയ്തതിനുശേഷമാണ് ജയില്‍ സന്ദര്‍ശിക്കാന്‍ ഒബാമ എത്തിയത്. ബ്യൂറോ ഓഫ് പ്രിസണ്‍സ് ഡയറക്ടര്‍ ചാള്‍സ് ശാമുവല്‍. കറക്ഷണല്‍ ഓഫീസര്‍ റൊണാള്‍ഡ് എന്നിവരും പ്രസിഡന്റിനെ അനുഗമിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍