ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം ഇന്ത്യയിലേക്കു രക്ഷപ്പെട്ട പ്രതിയെ ടെക്സസിലെത്തിച്ചു
Friday, July 17, 2015 7:54 AM IST
ടെക്സസ്: ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അമിത് ലിവിംഗ്സ്റണ്‍ (47) എന്ന ഇന്ത്യന്‍ വംശജനെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ടെക്സസില്‍ എത്തിച്ചു. കാമുകിയും മൂന്നു കുട്ടികളുടെ മാതാവുമായ ഹെര്‍മില്ല ഗാര്‍സിയ ഫെര്‍ണാണ്ടസിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് അമിത് 23 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.

മറ്റൊരു കേസില്‍ ഡല്‍ഹി ജയിലില്‍ കഴിഞ്ഞിരുന്ന അമിതിനെ ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാന മാര്‍ഗം ജൂലൈ 14നു ടെക്സസില്‍ കൊണ്ടുവന്നാണു കാമറോണ്‍ കൌണ്ടി ജയിലിലേക്കു മാറ്റിയത്.

അമിതുമായുളള സ്നേഹ ബന്ധം ഹെര്‍മില അവസാനിപ്പിക്കുമെന്നും അമിതിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്തതുമാണ് കാമുകിയെ വകവരുത്താന്‍ പ്രേരിപ്പിച്ചത്.

2005 ഒക്ടോബര്‍ നാലിനാണു സംഭവം. ടെക്സസില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് 2007 ഫെബ്രുവരി 13 ന് അമിത് കുറ്റസമ്മതം നടത്തി. ഈ കേസില്‍ കാമറോണ്‍ കൌണ്ടി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഏബെല്‍ ലിമാസ്, അമിതിന് 23 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. വിധി പ്രഖ്യാപനത്തിനുശേഷം പ്രതിക്കു 60 ദിവസം ഇന്ത്യയില്‍ പോയി താമസിക്കുന്നതിനു കോടതി അസാധാരണ അനുമതി നല്‍കി. ഇതിനെ തുടര്‍ന്നു ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അമിത് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ മുങ്ങി നടക്കുകയായിരുന്നു.

2014 മേയ് മൂന്നിനു ഹൈദരാബാദില്‍ താമസിച്ചിരുന്ന അമിതിനെ വീടിനു സമീപത്തുനിന്ന് അറസ്റ് ചെയ്തു. അമേരിക്കന്‍ പൌരനായ പ്രതി ഇന്ത്യന്‍ ലോ എന്‍ഫോഴ്സ്മെന്റ് അനുസരിച്ച് രജിസ്റര്‍ ചെയ്യാതിരുന്നതാണ് അറസ്റിനിടയാക്കിയത്. തുടര്‍ന്നു ഡല്‍ഹി ജയിലിലേക്കു മാറ്റി. എംബസികള്‍ തമ്മില്‍ നടന്ന ദീര്‍ഘനാളത്തെ നിയമ നടപടികള്‍ക്കുശേഷമാണു പ്രതിയെ ടെക്സസില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഇനിയുളള കാലം ജയിലില്‍ കഴിയാനാണ് അമിതിന്റെ വിധി. അമേരിക്കന്‍ മെഡിക്കല്‍ ബില്ലിംഗ് ട്രാന്‍ സ്ക്രിപ്ഷനിസ്റായിരുന്നു അമിത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍