ആത്മസാക്ഷാത്കാരത്തിന്റെ രണ്ടാം ദിനം: കോണ്‍ഫറന്‍സ് വിശ്വാസികള്‍ ധന്യരായി
Friday, July 17, 2015 5:21 AM IST
എലന്‍വില്‍: വിശ്വാസത്തിന്റെ എല്ലാ നദികളും പസഫിക്, അറ്റ്ലാന്റിക് കോണ്‍ഫറന്‍സ് ഹാളുകളിലെ വിശുദ്ധിയുടെ സമുദ്രത്തില്‍ ലയിക്കുന്ന അനുഭവത്തിനാണ് മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനം സാക്ഷ്യം വഹിച്ചത്. എലന്‍വില്‍ സാക്ഷ്യം വഹിച്ചത് ആത്മശുദ്ധീകരണത്തിന്റെ സാക്ഷാത്ക്കാരത്തിനും തലമുറകളുടെ വിശ്വാസത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമായിരുന്നു. നാലുദിന കോണ്‍ഫറന്‍സ് ജൂലൈ 18നു (ശനി) സമാപിക്കും.

6.30ന് നമസ്കാരത്തോടെ പരിപാടികള്‍ക്കു തുടക്കമായി. മുതിര്‍ന്നവര്‍ക്കായി ധ്യാനപ്രസംഗം നടത്തിയ ഫാ. തിമോത്തി തോമസ്, പൈതൃകമായി സംഭരിച്ച നാലു ഗുണങ്ങളെപ്പറ്റി സംസാരിച്ചു. മറ്റുള്ളവരെ പരിപോഷിപ്പിക്കുന്നവരാവുക, പ്രകാശം പരത്തുന്നവരാകുക, ജീവിതത്തിനു മൂല്യം കൂട്ടുന്നവരാവുക, സൌഖ്യദായകരാവുക. യുവജനങ്ങള്‍ക്കായുള്ള ധ്യാനപ്രസംഗം നടത്തിയ സെമിനാരിയന്‍ ബോബി വര്‍ഗീസ് ആവര്‍ത്തന പുസ്തകത്തിലെ വംശാവലിയില്‍ തുടങ്ങി 21-ാം നൂറ്റാണ്ടില്‍ എത്തിനില്‍ക്കുന്ന യുവജനതയോട് ഒരു പിടി ചോദ്യങ്ങളാണ് ചോദിച്ചത്. എന്താണു സഭാ ജീവിതത്തില്‍ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്? യുവജനങ്ങള്‍ക്കു വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുന്ന വൈദികര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്കു മേല്‍ ബോബി വര്‍ഗീസ് ആശംസകള്‍ ചൊരിയുകയും ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസും ജനറല്‍ സെക്രട്ടറി ഡോ.ജോളി തോമസും ഈ ദിവസം നടക്കുന്ന പരിപാടികളെക്കുറിച്ച് പ്രതിപാദിച്ചു. ബിനു സാമുവല്‍ ഭദ്രാസന വളര്‍ച്ചയുടെ നാള്‍വഴി വീഡിയോ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.

തുടര്‍ന്നു കോണ്‍ഫറന്‍സ് ഗായകസംഘം ഗാനങ്ങള്‍ പാടി. സഫേണ്‍ സെന്റ് മേരീസ്, ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ്, വാലികോട്ടേജ് സെന്റ് മേരീസ് എന്നീ ഇടവകകളില്‍ നിന്നുള്ള 48 പേരടങ്ങിയ ഗായകസംഘത്തിന് റവ. ഡോ രാജു വര്‍ഗീസ്, റവ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍, ഫാ. മാത്യു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രഭാതഭക്ഷണത്തിനുശേഷം സഭയുടെ വളര്‍ച്ചാപടവുകളെ പറ്റി പ്രധാന പ്രാസംഗികന്‍ റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്കോപ്പ ചര്‍ച്ച തുടങ്ങിവച്ചു. ദൈവത്തിന്റെ പ്രപഞ്ചസൃഷ്ടി പദ്ധതിയുടെ ഭാഗമായ മനുഷ്യന്‍ ദൈവികസാന്നിധ്യം തുളുമ്പുന്നവരായി പൂര്‍ണതയിലേക്കു വളരുകയെന്നതാണ് നമ്മുടെ വിശ്വാസത്തിന്റെ കാതലെന്നു മുഖ്യ പ്രഭാഷകനായ റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്കോപ്പ പ്രസ്താവിച്ചു. തലമുറകള്‍ കൈമാറുന്ന വിശ്വാസമെന്ന വിഷയം അവതരിപ്പിച്ച് പ്രാരംഭപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുവജനങ്ങളെ വിശ്വാസജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മറ്റു പ്രവാസ മലങ്കര ഓര്‍ത്തഡോക്സ് സമൂഹം ഭാവി എന്ത് എന്ന ചോദ്യത്തിനുത്തരമായി അമേരിക്കന്‍ ഭദ്രാസനങ്ങളെയാണു ഉറ്റുനോക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് ഒന്നാം ദിവസത്തെ പ്രസംഗം അവസാനിപ്പിച്ചത്. യുവജനങ്ങള്‍ക്കായി ഫാ. അജു ഫിലിപ്പ് മാത്യുവും കുട്ടികള്‍ക്കായി ഫാ. എബി ജോര്‍ജും സംസാരിച്ചു. ലഘുഭക്ഷണത്തിനുശേഷം ഗ്രൂപ്പു ചര്‍ച്ചകള്‍ നടന്നു. ഉച്ച നമസ്കാരത്തിനും ഭക്ഷണത്തിനും ശേഷം സൂപ്പര്‍ സെഷനുകളുടെ സമയമായിരുന്നു. ഫണ്ട് റെയ്സിംഗ് ഐഡിയകളെപ്പറ്റി ജോണ്‍ കോംഗ്ഡണും ആരാധന ഗീതങ്ങളുടെ വിവിധ നിറങ്ങളെപ്പറ്റി (രാഗങ്ങള്‍) ഫാ. തോമസ് പോള്‍, ഫാ. എല്‍ദോസ് ഏലിയാസും ജീവിതാന്ത്യവും ദയാവധവും എന്ന വിഷയത്തെപ്പറ്റി റവ. ഡോ. വര്‍ഗീസ് എം. ഡാനിയലും സംസാരിച്ചു.

മൂന്നിനു കായികപരിപാടികള്‍ ആരംഭിച്ചു. വൈദികര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ ആവേശപൂര്‍വം പങ്കെടുത്ത ഒരു പരിപാടിയായിരുന്നു ഇത്. വൈദികരും അത്മായരും തമ്മില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ ഫാ. ബോബി പീറ്റര്‍ ക്യാപ്റ്റന്‍ ആയ വൈദികരുടെ ടീം വിജയികളായി. ഏരിയാവൈസ് വോളിബോള്‍ മത്സരത്തില്‍ വിജയികളായ റോക്ക്ലാന്‍ഡ്, സ്റാറ്റന്‍ ഐലന്‍ഡ് ടീം (ഗ്രീന്‍) മാര്‍ ബര്‍ണബാസ് മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കി. ന്യൂജേഴ്സി, ഫിലഡല്‍ഫിയ (യെലോ ടീം) റണ്ണര്‍ അപ്പായി. ബാസ്ക്കറ്റ് ബോള്‍, ബേഗല്‍ ബൈറ്റ്, പാസിംഗ് ഹോട്ട് പൊട്ടറ്റോ, വടംവലി, ഷോട്ട്പുട്ട്, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ എന്നീ ഇനങ്ങളില്‍ മത്സരവും നടന്നു. രാജു പറമ്പില്‍ കോഓര്‍ഡിനേറ്റര്‍ ആയ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ സജി പോത്തന്‍, ജീമോന്‍ വര്‍ഗീസ്, ടൈറ്റസ് അലക്സാണ്ടര്‍, ഷാജി വര്‍ഗീസ്, ബോബി പറമ്പില്‍, സാറാമ്മ സൈമണ്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

അത്താഴത്തിനും നമസ്കാരത്തിനും ശേഷം ഫാ. സുജിത് തോമസ് ധ്യാനപ്രസംഗം നടത്തി. പ്രധാന ചിന്താവിഷയത്തിലൂന്നി സംസാരിച്ച സുജിത് അച്ചന്‍ യഹോവയുടെ തണലില്‍ ഇരിക്കുമ്പോള്‍ ആര്‍ക്കും താന്‍ 'സെല്‍ഫ് മെയ്ഡ്' ആണെന്നു പറയുവാന്‍ സാധിക്കില്ലെന്നു സൂചിപ്പിച്ചു.

ഗായകസംഘം അവതരിപ്പിച്ച റവ. ഡോ. വര്‍ഗീസ് എം. ഡാനിയല്‍ ഉള്‍പ്പെടെയുള്ളവരുടെ- ഗാനങ്ങള്‍ക്കുശേഷം സുവനീര്‍ പ്രസിദ്ധീകരണവുമായി സഹകരിച്ചവരെയും പ്രവര്‍ത്തിച്ചവരെയും ആദരിക്കുന്ന ചടങ്ങായിരുന്നു. ബിസിനസ് മാനേജര്‍ ഫിലിപ്പോസ് ഫിലിപ്പ് എല്ലാവരെയും പരിചയപ്പെടുത്തി ഉപഹാരങ്ങള്‍ സമ്മാനിച്ചു. കൂടുതല്‍ പണം സമാഹരിച്ച ഇടവകകളെയും ആദരിച്ചു. 312 പേജുള്ള സുവനീറിലൂടെ എണ്‍പതിനായിരം ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞതില്‍ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത ചാരിതാര്‍ഥ്യം പ്രകടിപ്പിക്കുകയും ഫിലിപ്പോസ് ഫിലിപ്പ് ഉള്‍പ്പെടെ എല്ലാവരെയും ആദരിക്കുകയും ചെയ്തു. ചീഫ് എഡിറ്റര്‍ ലിന്‍സി തോമസിനുമേല്‍ പ്രശംസാവര്‍ഷം ചൊരിഞ്ഞ മാര്‍ നിക്കോളോവോസ്, അടുത്ത തലമുറയെപ്പറ്റി തനിക്ക് ആശങ്കയേ ഇല്ലെന്നു പറഞ്ഞു.

തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറി. കോഓര്‍ഡിനേറ്റര്‍ ജാസ്മിന്‍ ഉമ്മനും അനുജോസഫും പരിപാടികള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തു. വിവിധ ഇടവകകളില്‍ നിന്നുള്ളവര്‍ ഗാനം, നൃത്തം, ഹാസ്യപരിപാടികള്‍, ചിത്രീകരണം എന്നിവ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍