സൌദിയില്‍ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, July 17, 2015 5:17 AM IST
ദമാം: വിശുദ്ധ റംസാനിന്റെ ദിനരാത്രങ്ങള്‍ അവസാനിക്കാനാറായതോടെ സൌദിയിലെങ്ങും ഈദുല്‍ ഫിത്തര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തി യായി. പെരുന്നാള്‍ നിസ്കാരം നടക്കുന്ന ഈദുഗാഹുകളും മറ്റു പള്ളികളിലും മാലിന്യങ്ങളും മറ്റും നീക്കി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണു സൌദിയിലെങ്ങും ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദില്‍ വിപുലമായ ഒരുക്കങ്ങളാണു പൂര്‍ത്തിയായിരിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ എണ്ണമറ്റ ആഘോഷ പരിപാടികളാണു സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. എവിടെയെല്ലാം ഏതെല്ലാം ആഘോഷങ്ങള്‍ നടക്കുന്നുവെന്നറിയാന്‍ റിയാദിലെ മദാറീം ക്രൌണ്‍ ഹോട്ടലില്‍ പ്രത്യേക സെന്റര്‍ തുറന്നിട്ടുണ്ട്. പ്രധാനമായും മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടിയാണു സെന്റര്‍ തുറന്നിരിക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയില്‍ 14 ദിവസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണുനടക്കുക. കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കൊമേഴ്സ്, പ്രവിശ്യ മുനിസിപ്പല്‍ വിഭാഗങ്ങളാണ് ആഘോഷ പരിപാടികളുടെ നടത്തിപ്പുകാര്‍. ദമാം, അല്‍കോബാര്‍, ഖതീഫ്, ജുബൈല്‍, ദഹ്റാന്‍ ഉള്‍പ്പെടെ എട്ടു സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍. പെരുന്നാളിന്റെ ആദ്യ ദിനത്തില്‍ രാത്രി 9.30നു ദമാം കോര്‍ണിഷില്‍ കരിമരുന്ന പ്രയോഗം നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ജിദ്ദയില്‍ എട്ടു സ്ഥലങ്ങളിലായാണു പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്നു ജിദ്ദ നഗരസഭ അറിയിച്ചു. പെരുന്നാളിന്റെ മുന്നോടിയായി റോഡുകളിലുള്ള വിളക്കിന്‍കാലുകളില്‍ വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റില്‍ തോരണങ്ങള്‍ ചാര്‍ത്തിത്തുടങ്ങി. എല്ലാ വിഭാഗക്കാര്‍ക്കും ഉല്ലസിക്കാവുന്ന ആഘോഷ പരിപാടികളാണു ജിദ്ദയില്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. മദീന, തായിഫ്, അബ്ഹ, നജ്റാന്‍, ജീസാന്‍, അബ്ഹ തുടങ്ങിയ സൌദിയുടെ മിക്കയിടങ്ങിലും ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അതേസമയം പെരുന്നാള്‍ നിസ്കാരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം വന്‍ സുരക്ഷാ ക്രമീകരണങ്ങളാണു സുരക്ഷാ വിഭാഗം തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം