ന്യൂജേഴ്സി സോമര്‍സെറ്റ് സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു
Friday, July 17, 2015 5:04 AM IST
ന്യൂജേഴ്സി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, ദേവാലയം നിറഞ്ഞു കവിഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പുതുതായി പണിതീര്‍ത്ത സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയം കൂദാശ ചെയ്തു.

ജൂലൈ പതിനൊന്നാം തീയതി രാവിലെ പത്തിനു ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പ്രധാന കാര്‍മികത്വത്തില്‍ ആരംഭിച്ച കൂദാശാ കര്‍മ്മങ്ങളില്‍ മെട്ടച്ചന്‍ ബിഷപ്പ് പോള്‍ ജി ബൂട്ടോസ്കി, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി.

ന്യൂജേഴ്സിയിലെയും, ന്യൂയോര്‍ക്കിലെയും കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍നിന്നെത്തിയ അമ്പതില്‍പ്പരം വൈദികരും, കന്യാസ്ത്രീകളും പങ്കെടുത്ത കൂദാശാ ചടങ്ങില്‍ ബ്രോങ്ക്സ് ഫൊറോനാ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഡാളസ് ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലില്‍, ഫിലാഡല്‍ഫിയ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി എന്നിവരും സന്നിഹിതരായിരുന്നു.

ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍നിന്നും മുത്തുക്കുടകളുടേയും, താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ വികാരി ഫാ. തോമസ് കടുകപ്പിള്ളിയുടെ നേതൃത്വത്തില്‍ ഇടവക സമൂഹം വിശിഷ്ടാതിഥികളെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചതോടെ കൂദാശാ ചടങ്ങുകള്‍ക്ക് തുടക്കമായി. ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ് ഫാദേഴ്സ്, മരിയന്‍ മദേഴ്സ്, യുവജനങ്ങള്‍, സിഎംഎല്‍ കുട്ടികള്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരണ ചടങ്ങുകള്‍ക്കുനേതൃത്വം നല്‍കിയത്.

കൂദാശാ കര്‍മങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ അഭിവന്ദ്യ പിതാക്കന്മാരെയും വിശിഷ്ടാതിഥികളെയും, ഇടവക സമൂഹത്തെയും കൂദാശാ ചടങ്ങിലേക്കു സ്വാഗതം ചെയ്തു. ദേവാലയ ഗായകസംഘത്തിന്റെ ഭക്തിസാന്ദ്രവും ശ്രുതിമധുരവുമായ ഗാനാലാപനത്തിന്റെ അന്തരീക്ഷത്തില്‍ കൂദാശാ കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. രൂപത ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് കൂദാശാ ചടങ്ങിന്റെ ഓരോ ഭാഗങ്ങളെയും ഇടവക സമൂഹത്തിനു വിവരിച്ചുകൊടുത്തുകൊണ്ടിരുന്നു.

കൂദാശാ കര്‍മ്മങ്ങള്‍ക്ക് മധ്യേ മെട്ടച്ചന്‍ ബിഷപ് പോള്‍ ജി. ബുട്ടോസ്കി പുതിയ ദേവാലയത്തിനു നല്‍കിയ സന്ദേശത്തില്‍, പാശ്ചാത്യ-പൌരസ്ത്യ ആരാധനാക്രമങ്ങളെക്കുറിച്ചു സംസാരിച്ചു.
തുടര്‍ന്ന് നടന്ന കൂദാശാ കര്‍മങ്ങളില്‍ ബലിപീഠത്തിന്റേയും, ചുവരുകളുടേയും, ദേവാലയത്തിന്റെ പ്രധാന കവാടത്തിന്റേയും തൈലാഭിഷേകം, ബേമ്മാ, മാമ്മോദീസാ തൊട്ടി, റൂശ്മ, ദാപ്പാ കൂദാശ, പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുള്ള മറ്റ് വസ്തുക്കളുടെ ആശീര്‍വാദം, വേദപുസ്തകം പ്രതിഷ്ഠിക്കല്‍ എന്നിവ നടന്നു.

ദേവാലയ കൂദാശയ്ക്കും, ദിവ്യബലിയര്‍പ്പണത്തിനുംശേഷം ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സന്ദേശം നല്‍കി. വിശ്വാസത്തിലൂന്നിയ സ്നേഹക്കൂട്ടായ്മയിലൂടെ ഒരു നല്ല സ്വന്തം ദേവാലയം സ്വന്തമാക്കാന്‍ പ്രയത്നിച്ച എല്ലാവരേയും പ്രത്യേകിച്ച് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട വികാരി ഫാ. തോമസ് കടുകപ്പള്ളിയെ പ്രത്യേകം അഭിനന്ദിക്കുകയും രൂപതയുടെ പേരിലുള്ള നന്ദി അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അഭിവന്ദ്യ പിതാവ്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം വിശ്വാസിസമൂഹത്തിനായി വായിച്ചു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, സീറോ മലബാര്‍ സാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം വായിച്ചു. തുടര്‍ന്ന് നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോയി ആലപ്പാട്ട് നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ച വിശ്വാസിസമൂഹത്തെ അഭിനന്ദിച്ചു. തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ ദേവാലയത്തിന് എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും നേര്‍ന്ന് സംസാരിച്ചു.

സോമര്‍സെറ്റ് സീറോ മലബാര്‍ സമൂഹം സമാഹരിച്ച ഒരു തുക തക്കല രൂപതയിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കു വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയിലേക്ക് ഇടവക വികാരി മാര്‍ ജോര്‍ജ് രാജേന്ദ്രനു കൈമാറി. ദേവാലയ നിര്‍മാണത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തവര്‍ക്ക് ഇടവകയുടെ പേരിലുള്ള ഉപഹാര ഫലകം ബിഷപ് മാര്‍ അങ്ങാടിയത്ത് സമ്മാനിച്ചു.

ദേവാലയ കൂദാശാ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാ ബിഷപ്പുമാര്‍ക്കും, മറ്റ് വിശിഷ്ട വ്യക്തികള്‍ക്കും, ഇടവകാംഗങ്ങള്‍ക്കും, ബില്‍ഡിംഗ് കമ്മിറ്റി, പാരീഷ് കൌണ്‍സില്‍, ജോസഫ് ഫാദേഴ്സ്, മരിയന്‍ മദേഴ്സ്, അള്‍ത്താര സെര്‍വേഴ്സ്, സിഎംഎല്‍, ഗായകസംഘം, ട്രസ്റിമാര്‍ എന്നിവര്‍ക്ക് അജിത് ചിറയില്‍ നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കൂദാശ ചടങ്ങുകള്‍ തത്സമയം കാണുന്നതിനുള്ള സൌകര്യം ംംം.കചഉഡടജഒഛഠഛഏഞഅജഒഥ.രീാ -ലൂടെ ലഭ്യ.മാക്കിയിരുന്നു. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം