ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ്: കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു
Thursday, July 16, 2015 8:13 AM IST
ന്യൂയോര്‍ക്ക്: ഇന്തോ- അമേരിക്കന്‍ പ്രസ്ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒമ്പതു മതല്‍ പന്ത്രണ്ടു വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിന്റെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

ചെയര്‍മാനായി ഐഎപിസി ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനായി ജിന്‍സ്മോന്‍ സക്കറിയയെയും പ്രമുഖമാധ്യമപ്രവര്‍ത്തകരായ പോള്‍ ഡി. പനയ്ക്കലിനെ കോചെയര്‍മാനായും കോരസണ്‍ വര്‍ഗീസിനെ ജനറല്‍ കോഓര്‍ഡിനേറ്ററായും ജോര്‍ജ് കൊട്ടാരത്തിനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു.

അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിന്റെ കോ ഓര്‍ഡിനേഷന്‍കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജിന്‍സ്മോന്‍ 12 വര്‍ഷമായി പ്രവാസ ലോകത്ത് മാധ്യമപ്രവര്‍ത്തനം നടത്തുന്നയാളാണ്. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ അദ്ദേഹം 250 ഓളം പ്രോഗ്രാമൂകളാണ് ഇവിടെ നിന്നു ചെയ്തിട്ടുള്ളത്. അമേരിക്കയിലെ പതിനെട്ടു വയസിനു താഴെയുള്ള വിദ്യാര്‍ഥികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ജയ്ഹിന്ദ് ടിവി സ്റാര്‍സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു.

കൂടാതെ അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മലയാള പത്രമായ ജയ്ഹിന്ദ്വാര്‍ത്തയുടെ ചീഫ് എഡിറ്ററാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒമ്പതു വര്‍ഷം മുമ്പ് തുടങ്ങിയ അക്ഷരം മാഗസിനും അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ദ ഏഷ്യനിറ മാഗസിനും ഇന്ന് അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ ഫോര്‍ത്ത്സെയിത്ത് മീഡിയ ഗ്രൂപ്പിന്റെ ഭാഗമാണ്. ഫോര്‍ത്ത് സെയിത്ത് മിഡീയ ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ളീഷ് പത്രമായ ദ സൌത്ത് ഏഷ്യന്‍ ടൈംസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കൂടിയാണ് ജിന്‍സ്മോന്‍ സക്കറിയ.

പന്ത്രണ്ടുവര്‍ഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ്പ് എഡിഷന്റെ ചാര്‍ജ് ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. പ്രവാസ പത്രപ്രവര്‍ത്തന രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിന്‍സ്മോന്‍ സക്കറിയ.

ബാംഗളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്മോന്‍ സക്കറിയ, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്തോ-അമേരിക്കന്‍ ലോയേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്തോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി, കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

കോചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പോള്‍ ഡി. പനയ്ക്കല്‍ സാമൂഹിക സാഹിത്യ പത്രപ്രവര്‍ത്തന മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ്. ഹൈസ്കൂള്‍ നാളുകളില്‍ ചെറുകഥ എഴുതി തുടങ്ങി. തുടര്‍ന്ന് ദീപിക, മലയാള മനോരമ സണ്‍ഡേ സപ്ളിമെന്റ് എന്നീ പത്രങ്ങളില്‍ സാമൂഹ്യസംബന്ധമായ ലേഖനങ്ങള്‍ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് (മുംബൈ എഡിഷന്‍), ന്യൂസ് വീക്ക് (ഇന്റര്‍നാഷണല്‍ എഡിഷന്‍), ഡെര്‍സ്പീഗര്‍ (ജര്‍മനി) എന്നീ ലോകപ്രശസ്ത മാസികകളിലും പത്രങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് ഇന്ത്യക്കാര്‍ക്കായി പ്രസിദ്ധീകരിച്ചിരുന്ന എന്റെ ലോകം മാസികയുടെ പത്രാധിപസമിതിയില്‍ പത്തുവര്‍ഷത്തോളം സേവനം ചെയ്തു. മലയാളം യൂറോപ്പില്‍ എന്ന ഗ്രന്ഥം ഡിസി ബുക്സ് പ്രസാധനം ചെയ്തു. ഇപ്പോള്‍ അമേരിക്കയിലെ വിവിധ മലയാളം പത്രങ്ങളില്‍ കോളമിസ്റാണ്.

ജര്‍മനിയില്‍ റൂര്‍ഗെബീറ്റ് കേരള കള്‍ച്ചറല്‍ സൊസൈറ്റിയിലും അമേരിക്കയില്‍ ഇന്ത്യാ കാത്തലിക്ക് അസോസിയേഷനിലും ഇന്ത്യാ ലാറ്റിന്‍ കാത്തലിക് അസോസിയേഷനിലും നേതൃത്വം വഹിച്ചിട്ടുണ്ട്. 1994 ല്‍ കുടുംബസമേതം ന്യൂയോര്‍ക്കിലെത്തിയ പോള്‍ ഡി. പനയ്ക്കല്‍ നഴിസിംഗ് ജീവിതമാര്‍ഗമായെടുത്തു. ഇപ്പോള്‍ നഴ്സിംഗ് ഇന്‍ഫോര്‍മാറ്റിക്സില്‍ ബിരുദമെടുത്ത് നോര്‍ത്ഷോര്‍ എല്‍ഐജെ ഹെല്‍ത്ത് സിസ്റത്തില്‍ ഡയറക്ടര്‍ ഓഫ് പേഷ്യന്റ് കെയര്‍ സര്‍വീസസ് ആയി ജോലി ചെയ്യുന്നു. ലീഡര്‍ഷിപ്പിനുളള അവാര്‍ഡ്, ടീം ബില്‍ഡിംഗിനുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നോമിനേഷന്‍ എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈക്യാട്രിക് നഴ്സസ് അസോസിയേഷന്റെ 2015 ലെ ഫ്ളോറിഡയില്‍ നടക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സില്‍ 'ടീം വര്‍ക്ക് ഫോര്‍ സക്സസ്' എന്ന വിഷയം അവതരിപ്പിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കണ്‍വന്‍ഷന്റെ ജനറല്‍ കോ ഓര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട കോരസണ്‍ വര്‍ഗീസ് വര്‍ഷങ്ങളായി പത്രപ്രവര്‍ത്തന, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ സജീവമാണ്. മനുഷ്യത്വപരമായ ഇടപെടലുകളെപ്പറ്റി ബോധപൂര്‍വം സംവാദം ചെയ്യുന്ന വാല്‍ക്കണ്ണാടി എന്ന ശ്രദ്ധേയമായ കോളം ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. പന്തളം സ്വദേശിയാണ്. ഗ്രന്ഥകാരനായിരുന്ന സി.കെ. വര്‍ഗീസ് ആണ് പിതാവ്. കൊമേഴ്സില്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ന്യൂയോര്‍ക്ക് സിറ്റിയില്‍ സാമ്പത്തിക വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്.

വൈസ്ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് കൊട്ടാരം പ്രസ്ക്ളബ്ബിന്റെ ദേശീയ കമ്മിറ്റി അംഗമാണ്. അക്ഷരം മാഗസിന്റെ റിസര്‍ച്ച് എഡിറ്ററും ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായ ജോര്‍ജ് കൊട്ടാരം പത്രപ്രവര്‍ത്തനത്തില്‍ പിജി ഡിപ്ളോമ കരസ്ഥമാക്കിയിട്ടുണ്ട്. പ്രവാസി ചാനലിന്റെ റിജണല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്ററായ അദ്ദേഹം കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി, കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കളമശേരി രാജഗിരി കോളജില്‍ നിന്നു സോഷ്യോളജില്‍ മാസ്റര്‍ ബിരുദം കരസ്ഥമാക്കിയിട്ടുള്ള ജോര്‍ജ് അമേരിക്കയിലെ നിരവധി സാമൂഹ്യ,സാംസ്കാരിക മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ്.