അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഉജ്വല തുടക്കം
Thursday, July 16, 2015 5:19 AM IST
പെന്‍സില്‍വാനിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിനു പെന്‍സില്‍വാനിയ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ മെത്രാപ്പോലീത്താമാരുടേയും വൈദികരുടേയും നൂറു കണക്കിനു വിശ്വാസികളുടേയും സാന്നിധ്യത്തില്‍ തുടക്കമായി.

കാനഡയില്‍നിന്നും അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ നൂറു കണക്കിനു വിശ്വാസികള്‍ കോണ്‍ഫറന്‍സ് വേദിയിലേക്ക് ഒഴുകിയെത്തി. വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ചുളള ഭദ്രാസന പളളി പ്രതി പുരുഷയോഗം ഭദ്രാസനാധിപന്‍ യല്‍ദൊ മാര്‍ തീത്തോസിന്റെ അധ്യക്ഷതയില്‍ നടന്നു.

കൃത്യമായി ചിട്ടപ്പെടുത്തിയ അജന്‍ഡ അനുസരിച്ച് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രത്യേകം പ്രോഗ്രാമുകള്‍, യാമപ്രാര്‍ഥനകള്‍, ഗാനശുശ്രൂഷകള്‍, ധ്യാനയോഗങ്ങള്‍, ചര്‍ച്ചാവേദികള്‍ വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ എന്നിവയാല്‍ ക്രമീകരിച്ചിരിക്കുന്ന കുടുംബമേളയ്ക്കു ശനിയാഴ്ച ഉച്ചയോടെ സമാപനമാകും.

കുടുംബമേളയോടനുബന്ധിച്ച് വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. വ്യാഴം രാത്രി എട്ടിന് കീ ബോര്‍ഡില്‍ സംഗീതത്തിന്റെ മാന്ത്രിക ധ്വനി പടര്‍ത്തി സംഗീത ലോകത്ത് അത്ഭുതം സൃഷ്ടിക്കുന്ന സംഗീത ആരാധകരെ ആസ്വാദനത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന വാദ്യോപകരണ വിദഗ്ധന്‍ സ്റീഫന്‍ ദേവസിയും പ്രശസ്ത ഗായിക അജ്ഞു ജോസഫും ഒരുമിച്ചൊരുക്കുന്ന മെലഡി ഫോര്‍ ദി സോള്‍ എന്ന സംഗീത വിരുന്നും അരങ്ങേറും.

വെളളി വൈകുന്നേരം നടക്കുന്ന ഘോഷയാത്ര പ്രോഗ്രാമിലെ തിളക്കമാര്‍ന്ന ഒരിനമായിരിക്കും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍