ഐഎന്‍ഒസി കേരള ഡാളസ് യൂണിറ്റ് ഷിക്കാഗോ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു
Wednesday, July 15, 2015 6:28 AM IST
ഇര്‍വിംഗ് (ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഐഎന്‍ഒസി കേരള ചാപ്റ്റര്‍ പൊതുയോഗം ജൂലൈ 12നു വൈകുന്നേരം ഇര്‍വിംഗ് വസന്ത് റസ്ററന്റില്‍ ചേര്‍ന്നു. യൂണിറ്റ് വൈസ് പ്രസിഡന്റ് ചാക്കോ ഇട്ടി അധ്യക്ഷത വഹിച്ചു.

ഓഗസ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന പ്രഥമ ദേശീയ സമ്മേളനത്തില്‍ ഡാളസില്‍ നിന്നും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും സമ്മേളനം വന്‍ വിജയമാക്കുന്നതിനും യോഗം തീരുമാനിച്ചു.

കേരളത്തില്‍ പ്രദേശിക, ജില്ല, സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവരും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു ഭാരവാഹിത്വം വഹിച്ചവരുമായ പ്രവര്‍ത്തകര്‍ക്ക് ഒത്തു ചേരുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഇതുപോലെയുളള സമ്മേളനങ്ങള്‍ അവസരം ഒരുക്കുമെന്ന് ഐഎന്‍ഒസി റീജണല്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പറഞ്ഞു.

മാര്‍ക്സിസ്റ് പാര്‍ട്ടി ഉള്‍പ്പെടെയുളള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഇന്ത്യയില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സംഭവിച്ച പരാജയം താത്കാലികമാണെന്നും ഇത്തരം പരാജയങ്ങള്‍ ഇതിനുമുമ്പും കോണ്‍ഗ്രസ് അഭിമുഖീകരിച്ചിട്ടുണ്െടന്നും ഐഎന്‍ഒസി ടെക്സസ് ചാപ്റ്റര്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ പി.പി. ചെറിയാന്‍ പറഞ്ഞു.

ഇന്ത്യന്‍ മതനിരപേക്ഷ ഭരണം കാഴ്ച വയ്ക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുളളുവെന്നും ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെപോലെ പരാജയത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വമ്പിച്ച ജനപിന്തുണയോടെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അരുവിക്കര ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനു വമ്പിച്ച വിജയം കൈവരിക്കാന്‍ സാധിച്ചത് ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ചെറിയാന്‍ ചൂണ്ടിക്കാട്ടി.

ഡാളസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് 15നു വിപുലമായി ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷം സംഘടിപ്പിക്കുന്നതിന് ബോബന്‍ കൊടുവത്ത്, രാജു ചാമത്തില്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. തുടര്‍ന്നു നടന്ന സംഘടന ചര്‍ച്ചയില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ടി.സി. ചാക്കോ സ്വാഗതവും ജോയി ആന്റണി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി