ഷിക്കാഗോ എക്യുമെനിക്കല്‍ വോളിബോള്‍ കിരീടം ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ചിന്
Tuesday, July 14, 2015 6:22 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടന്ന അഞ്ചാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ഷിക്കാഗോ മാര്‍ത്തോമ ചര്‍ച്ചിനു സ്വന്തം. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ചവച്ച മത്സരത്തില്‍ ഷിക്കാഗോ ക്നാനായ ടീമിനെയാണ് മാര്‍ത്തോമ ടീം പരാജയപ്പെടുത്തിയത്.

ജൂലൈ 12നു ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഡസ്പ്ളയിന്‍സിലെ ഫെല്‍ഡ് മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് വിവിധ എക്യുമെനിക്കല്‍ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് പത്ത് ടീമുകള്‍ മാറ്റുരച്ചു. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങില്‍ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ചു വീതമുളള ഇരു ഗ്രൂപ്പുകളില്‍ നിന്നുളള മത്സര വിജയികളായ ഷിക്കാഗോ മാര്‍ത്തോമ ടീം, ക്നാനായ 'എ' ടീം, ക്നാനായ 'ബി' ടീം, സിഎസ്ഐ സംയുക്ത ടീം എന്നിവര്‍ സെമി ഫൈനലിനു അര്‍ഹരായി. ഷിക്കാഗോ മാര്‍ത്തോമ ടീം സിഎസ്ഐ, സംയുക്ത ടീമിനെയും ക്നാനായ 'എ' ടീം ക്നാനായ 'ബി' ടീമിനെയും പരാജയപ്പെടുത്തിയാണു ഫൈനലിന് അര്‍ഹത നേടിയത്.

ഷിക്കാഗോയിലെ മുഴുവന്‍ കായിക പ്രേമികളെയും കൊണ്ട് തിങ്ങി നിറഞ്ഞ ഗാലറികളും ആര്‍പ്പുവിളികളും ചെണ്ടമേളവും മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തുകയും ഇരു ടീമുകളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എക്യുമെനിക്കല്‍ കൌണ്‍സില്‍ വൈദികരും അംഗങ്ങളും മത്സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ചിട്ടയായ നേതൃത്വം കൊടുക്കാന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ഷിക്കാഗോയിലെ കായിക മാമാങ്കത്തിന് ഉത്സവാന്തരീക്ഷം പകര്‍ന്നു നടന്ന അഞ്ചാമത് വോളിബോള്‍ ടൂര്‍ണമെന്റിന് മുന്‍ വര്‍ഷത്തെക്കാള്‍ കാണികളുടെ ആവേശവും മത്സരത്തിന്റെ നിലവാരവും മെച്ചപ്പെട്ടതായിരുന്നു. പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ അത് കാണികള്‍ക്ക് മറക്കാനാവാത്ത സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു.

കാണിളുടെടെ ആവേശം നിലയ്ക്കാതെ അണപൊട്ടിയൊഴുകിയ ഫൈനല്‍ മത്സരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഫെല്‍ഡ്മാന്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊളളിച്ചു.

വിജയികള്‍ക്കുളള സമ്മാനദാനം എക്യുമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ഡാനിയേല്‍ ജോര്‍ജും കെ.വി. തോമസ് എംപിയും ചേര്‍ന്നു നിര്‍വഹിച്ചു.

ടൂര്‍ണമെന്റിന്റെ മുഴുവന്‍ കളിയുടെ പ്രകടനത്തില്‍ നിന്നും മോസ്റ് വാല്യുബിള്‍ പ്ളയറായി സൌല്‍ തോമസ്, മികച്ച ഡിഫന്‍സീവ് പ്ളയറായി റോബിന്‍ ഫിലിപ്പ് (ഇരുവരും ഷിക്കാഗോ മാര്‍ത്തോമ ടീം) മികച്ച ഒഫന്‍സീവ് പ്ളയറായി ലെറിന്‍ ചേതലിന്‍ കരോട്ട് (ക്നാനായ ടീം) എന്നിവരെ തെരഞ്ഞെടുത്തു. എക്യുമെനിക്കല്‍ കൌണ്‍സില്‍ ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം ഫീഡ് മൈ സ്റാര്‍വിംഗ് ചില്‍ഡ്രന്‍ ചാരിറ്റി പ്രോഗ്രാമിനായി നല്‍കുന്നു. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു ചുക്കാന്‍ പിടിച്ചത് റവ. ബിനോയ് ജേക്കബ് (ചെയര്‍മാന്‍) രഞ്ചന്‍ ഏബ്രഹാം (കണ്‍വീനര്‍), സാം തോമസ്, ടോണി ഫിലിപ്പ്, ജയിംസ് പുത്തന്‍ പുരയില്‍, ആന്റോ കവലയ്ക്കല്‍, ജോണ്‍സന്‍ വളളിയില്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍, ജോജോ ജോര്‍ജ് എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയാണ്. 16 വിവിധ സഭാ വിഭാഗങ്ങളിലെ ദേവാലയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ. സോനു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ളേറ്റ് (ജോ. സെക്രട്ടറി) ജോര്‍ജ് പി. മാത്യു(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു. അഞ്ചാമത് എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്പോണ്‍സേഴ്സ് ആയി ബഞ്ചമിന്‍ തോമസ് ആന്‍ഡ് ഫാമിലി, രാജു വിന്‍സന്റ് ആന്‍ഡ് ഫാമിലി, ബോബി ജേക്കബ് ആന്‍ഡ് ഫാമിലി, സണ്ണി ഈരോരിക്കല്‍ ആന്‍ഡ് ഫാമിലി (ന്യൂയോര്‍ക്ക് ലൈഫ്), ഏലിക്കുട്ടി ജോസഫ് തേനിയ പ്ളാക്കല്‍ എന്നിവര്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കി.

എക്യുമിനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി ജോര്‍ജ് പണിക്കര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. റവ. ഏബ്രഹാം സ്കറിയ നേതൃത്വം നല്‍കിയ പ്രാര്‍ഥനയോടെ അഞ്ചാമത് എക്യുമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം