ശുഐബയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്കു കൊണ്ടുപോകും
Tuesday, July 14, 2015 6:16 AM IST
ദമാം: സൌദി ശുഐബയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചു മലയാളികളുടെയും മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാട്ടിലേക്കു കൊണ്ടുപോകും.

തിരുവനന്തപുരം മണലാഡ് പുത്തന്‍കോട്ട എംആര്‍ ഹില്ലില്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ (55), തിരുവനന്തപുരം വട്ടിയൂര്‍കാവ് തിട്ടമംഗലം സ്വദേശി ലക്ഷ്മി വിലാസ് ശിവകുമാര്‍ (43), കൊല്ലം അഞ്ചല്‍ സ്വദേശി താഴമേല്‍ വടക്കെപുര പുത്തന്‍വീട്ടില്‍ തുളസിധരന്‍ (43), കൊല്ലം അഞ്ചല്‍ സ്വദേശി വിലയില്‍ വീട്ടില്‍ സന്തോഷ്(43) വയസ്, ആലപ്പുഴ എന്നിവരുടെ മൃതദേഹങ്ങളാണു നാട്ടിലേക്കു കൊണ്ടുപോകുന്നത്.

ബുധനാഴ്ച രാവിലെ 8.30നു തിരുവന്തപുരത്ത് എത്തിച്ചേരുന്ന വിമാനത്തില്‍ കമ്പനി മനേജരായ ഫൈസല്‍, നവോദയ സമൂഹ്യപ്രവര്‍ത്തകനായ നാസ് വക്കവും മൃതദേഹത്തോടൊപ്പം അനുഗമിക്കുന്നുണ്ട്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി നവോദയ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രദീപ് കൊട്ടിയം, കേരള പ്രവാസി സംഘം തിരുവന്തപുരം ജില്ല കമ്മിറ്റി അംഗങ്ങളും സിപിഎം നേതാക്കളും ഇതേ കമ്പനിയില്‍ തൊഴില്‍ ചെയ്യുന്ന രണ്ടുപേരും കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ സന്നിഹിതരായിരിക്കും.

ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഇഖ്ബാല്‍ അസീസ് (34) ന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം ആറിനുള്ള എമിരേറ്റ്സ് വിമാനത്തില്‍ കൊച്ചിയിലേക്കു കൊണ്ടുപോകും. നാളെ രാവിലെ 8.55നു കൊച്ചിയില്‍ എത്തിച്ചേരുന്ന വിമാനത്തില്‍ കമ്പനി അസിസ്റന്റ് മനേജരായ സാഹിദ് മൃതദേഹത്തോടൊപ്പം അനുഗമിക്കുണ്ട്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും വിമാനത്താവളത്തില്‍ സന്നിഹിതരായിരിക്കും.

ജൂലൈ ഒന്നിനു ഇവര്‍ സഞ്ചരിച്ച പിക്കപ്പില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൂന്നുമാസമായി ചെയ്തിരുന്ന പ്രോജക്ട് പൂര്‍ത്തീകരിച്ചശേഷം ദമാമിലേക്ക് മടങ്ങുമ്പോഴാണ് സൌദി-ദുബായി അതിര്‍ത്തിയായ ശുഐബയിലെ അറാംകോ പ്രോജക്ട് അവസാനിപ്പിച്ച് ദമാമിലേക്ക് മടങ്ങവേയാണ് അപകടം. ദമാമിലെ ബി ഗേറ്റ് കമ്പനിയിലെ തൊഴിലാളികളാണ് മരിച്ച അഞ്ചുപേരും. രവീന്ദ്രന്‍, ശിവകുമാര്‍ എന്നിവര്‍ 18 വര്‍ഷമായും തുളസീധരന്‍, സന്തോഷ് എന്നിവര്‍ ആറു വര്‍ഷമായും ഇഖ്ബാല്‍ ആഞ്ചു വര്‍ഷമായും പ്രവാസജീവിതം നയിക്കുകയായിരുന്നു.

നവോദയ സാംസ്കാരികവേദി കിഴക്കന്‍ പ്രവിശ്യയിലെ ഹസ ഏരിയയിലെ സാമൂഹ്യ ക്ഷേമപ്രവര്‍ത്തകനും നവോദയ കേന്ദ്രകമ്മിറ്റി അംഗവുമായ അനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തില്‍ ഹസയിലെയും അയൂനിലെയും ദമാം ടൌണ്‍ നവോദയ ഏരിയയിലെ സാമൂഹ്യ ക്ഷേമപ്രവര്‍ത്തകനും നവോദയ ഏരിയകമ്മിറ്റി അംഗവുമായ ആയൂബ് കൊടുങ്ങല്ലൂരും കമ്പനിയുടെ ചീഫ് മാനേജരായ വാജിത്, നാസ് വക്കത്തിനോപ്പം മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം