ഗ്യാരണ്ടി തുക കെട്ടിവയ്ക്കേണ്ടി വരുന്ന ഇന്ത്യന്‍ വീട്ടു ജോലിക്കാരികളെ സൌദിക്ക് ആവശ്യമില്ല: തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി
Tuesday, July 14, 2015 6:01 AM IST
ദമാം: കൂടുതല്‍ വിദ്യഭ്യാസം നേടാത്തവരും നേരത്തേ ഇന്ത്യക്കു പുറത്തു ജോലിക്കു പോകാത്തവരുമായ വീട്ടുജോലിക്കാരുടെ പാസ്പോര്‍ട്ടുകളില്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമാണെന്നു രേഖപ്പെടുത്തിയിരിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ജോലിക്കാരികള്‍ക്കു പതിനായിരം റിയാലിനു തത്തുല്യമായ ഡോളര്‍ കെട്ടി വയ്ക്കണമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം. അവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരമൊരു നിബന്ധന എന്നാണ് ഇന്ത്യയുടെ വിശദീകരണം.

എന്നാല്‍ തങ്ങള്‍ക്കു ഈ വിഭാഗത്തില്‍ പെടുന്ന വീട്ടുജോലിക്കാരികളെ ആവശ്യമില്ലന്ന് ഡോ. അഹമ്മദ് അല്‍ ഫുഹൈദ് വ്യക്തമാക്കി. തങ്ങള്‍ക്കാവശ്യം എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമില്ലാത്ത മുന്‍ പരിചയമുള്ളവരെയാണ്.

അടിസ്ഥാന വിദ്യാഭ്യാസവും പരിശീലനവുമുള്ള വീട്ടുവേലക്കാരികളെ മാത്രമേ അയയ്ക്കാവൂ എന്നാണ് തങ്ങളുടെ നയം. വീട്ടുജോലിക്കാരുള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടേയും തൊഴിലുടമകളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന ഏകീകൃത തൊഴില്‍ കരാറാണു തങ്ങള്‍ ഡല്‍ഹിയില്‍ ഒപ്പിട്ടതെന്ന് അല്‍ ഫുഹൈദ് പറഞ്ഞു. ഇന്ത്യയില്‍നിന്നു സൌദിയിലേക്കു വരാന്‍ ഉദ്ദേശിക്കുന്ന വീട്ടു ജോലിക്കാരികളില്‍ കൂടുതലും ഗ്യാരന്റി തുക കെട്ടി വയ്ക്കേണ്ട വിഭാഗമാണ്. ഗ്യാരണ്ടി തുക കെട്ടി വയ്ക്കേണ്ടതിനാല്‍ കൂടുതല്‍ സ്വദേശികളും ഇന്ത്യയില്‍നിന്നും വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നു സൌദിയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം