സാന്റാ അന്ന സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Tuesday, July 14, 2015 5:51 AM IST
ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ശീഹായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

ജൂണ്‍ 28 മുതല്‍ ജൂലൈ അഞ്ചു വരെയുള്ള തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങളിലും നൊവേനയിലും ഇടവക വികാരി ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി, തക്കല രൂപത ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ഫാ. കുര്യാക്കോസ് വാടാന എംഎസ്ടി, ഫാ. സിജു മുടക്കോടില്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. സോണി സെബാസ്റ്യന്‍ എസ്വിഡി, ഫാ. ബിജു മണ്ഡപത്തില്‍ എസ്വിഡി, ഫാ. ആഞ്ചലോസ് സെബാസ്റ്യന്‍ എന്നിവര്‍ കാര്‍മികരായിരുന്നു.

എട്ടുദിവസം നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങളില്‍ തോമാശ്ശീഹായുടെ നൊവേന, ആദ്യവെള്ളിയാഴ്ച രാത്രിയിലെ ജാഗരണ പ്രാര്‍ത്ഥന, യുവതീ-യുവാക്കള്‍ക്കായി ഫാ. ബോബി എമ്പ്രായില്‍ വി.സി നയിച്ച ധ്യാനം, കൌണ്‍സിലിംഗ് എന്നിവയെല്ലാം വിശുദ്ധന്റെ തിരുനാളിന് ആത്മീയ നിറവുണര്‍ത്തുവാന്‍ സഹായകമായി.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു ഫാ. ഇമ്മാനുവല്‍ മടുക്കക്കുഴി മുഖ്യകാര്‍മികനായ ദിവ്യബലിയില്‍ ഏഴോളം വൈദികര്‍ സഹകാര്‍മികരായിരുന്നു. ഫാ. ആഞ്ചലോസ് സെബാസ്റ്യന്‍ തിരുനാള്‍ സന്ദേശം നല്‍കി. ഈശോയുടെ തിരുഹൃദയം തൊട്ടറിഞ്ഞ് വിശ്വാസപ്രഖ്യാപനം നടത്തിയ തോമാശ്ശീഹായുടെ മാതൃക നമ്മുടെ ജീവിതത്തിനു മാര്‍ഗദര്‍ശനമാണെന്നും വിശുദ്ധന്‍ വഴി ധാരാളം അനുഗ്രഹങ്ങള്‍ ലഭിക്കുമാറാകട്ടെ എന്നും ആശംസിച്ചു.

ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണം കൊച്ചുകുട്ടികളും പരിസരവാസികളും കൌതുകത്തോടെ നോക്കിനിന്നു.

വിവിധ വാര്‍ഡുകളുടെ കലാപരിപാടികളും തുടര്‍ന്ന് ജോസുകുട്ടി പാമ്പാടി കഥയും സംവിധാനവും നിര്‍വഹിച്ച സംഗീത-നൃത്ത-സാമൂഹ്യ നാടകം 'വേര്‍പാടിന്റെ നൊമ്പരങ്ങള്‍' അരങ്ങേറി. നാടകത്തില്‍ അഭിനയിച്ച സാംതോം ആര്‍ട്സിലെ കലാകാരന്മാര്‍ എല്ലാവരുടേയും പ്രശംസനേടി.

ഇടവകയിലെ സെന്റ് സേവ്യേഴ്സ്, ഹോളി ഫാമിലി എന്നീ വാര്‍ഡുകളാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. സെന്റ് തോമസ് യുവജനസംഘടനയുടെ ഫുഡ് സ്റാള്‍ വന്‍ വിജയമായിരുന്നു. ജോവി തുണ്ടിയില്‍ ദേവാലയ അള്‍ത്താര മനോഹരമായി അലങ്കരിച്ചു.

ഫാ. ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ബിജു ആലുംമൂട്ടിലും ബൈജു വിതയത്തിലും ഇടവകാംഗങ്ങളും ഒന്നായി പ്രയത്നിച്ചപ്പോള്‍ തിരുനാള്‍ മഹോത്സവം അനുഗ്രഹീതമായി. ജയ്സണ്‍ ജേക്കബ് ദൃശ്യങ്ങള്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം