അമേരിക്കയിലെ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ഥ്യമാകുന്നു
Tuesday, July 14, 2015 5:49 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യഅയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ഥ്യമാകുന്നു. വെച്ചസ്ററില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമാരംഭം ന്യൂയോര്‍ക്കില്‍ നടന്നു.

വേള്‍ഡ് അയ്യപ്പാ സേവ ട്രസ്റിന്റെ നേതൃത്വത്തിലാണു ക്ഷേത്ര നിര്‍മാണം. ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അയ്യപ്പ ക്ഷേത്ര ഭക്ത സംഗമം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. രുക്മിണി നായര്‍, ലളിത രാധാകൃഷ്ണന്‍, ഓമന വാസുദേവ്, പാര്‍ഥസാരഥിപ്പിള്ള,ശ്രീകുമാര്‍ ജന്മഭൂമി, മണ്ണടി ഹരി, എന്നിവര്‍ ദീപം തെളിച്ചു.

ജന്മദിനാചരണം, വിദ്യാരംഭം, വിവാഹം, വിവാഹ വാര്‍ഷികം, അനുമോദന ചടങ്ങുകള്‍, വാവുബലി, ഭജന, പ്രഭാഷണ പരമ്പരകള്‍, രാമായണ മാസാചരണം, അയ്യപ്പ മാസാചരണം, മരണാനന്തര കര്‍മങ്ങള്‍, സപ്താഹങ്ങള്‍ തുടങ്ങി ഭാരത സംസ്കാരത്തിന്റെ മഹിമ ഈ നാട്ടിലുയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ അയ്യപ്പസേവാ ട്രസ്റിന്റെ പ്രവര്‍ത്തകര്‍ വളരെ വര്‍ഷങ്ങളായി അമേരിക്കയില്‍ നടന്നു വരുന്നതില്‍ കുമ്മനം അത്ഭുതം രേഖപ്പെടുത്തി. ഗുരുസ്വാമി പാര്‍ഥസാരഥിപ്പിള്ളയും സംഘവും നടത്തിവരുന്ന പ്രവര്‍ത്തനത്തെ പ്രശംസിച്ചു

വാസ്റ് പ്രസിഡന്റ് പാര്‍ത്ഥസാരഥിപ്പിള്ളയും സെക്രട്ടറി ഡോ. പത്മജാ പ്രേമും ക്ഷേത്രത്തിന്റെ ആവശ്യകതയും തുടക്കവും പ്രവര്‍ത്തനവും ഭാവി പരിപാടികളും സദസിനു വിശദീകരിച്ചു.

അയ്യപ്പ ഭക്തരുടെ നിസ്സീമമായ സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്ന
ട്രസ്റിന്റെ സെക്രട്ടറി ഡോ. പത്മജ പ്രേം, യൂത്ത് ലീഡര്‍ ഗണേഷ് നായരും അവതരിപ്പിച്ച പവര്‍ പോയിന്റ് പ്രദശനത്തിലൂടെ വാസ്റ്ന്റെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു.

ഗുരുസ്വാമി പാര്‍ഥസാരഥിപിള്ള ക്ഷേത്രനിര്‍മാണ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിന്റെ തനി വലിപ്പത്തിലും രൂപത്തിലുമുള്ള വിഗ്രഹമായിരിക്കും പ്രതിഷ്ഠിക്കുക. ഹനുമാന്റെയും ഗണപതിയുടെയും ഉപപ്രതിഷ്ഠയും ഉണ്ടാകും. വിഗ്രഹ നിര്‍മാണം അടുത്തമാസം പൂര്‍ത്തിയാകുമെന്നും പാര്‍ഥസാരഥിപിള്ള പറഞ്ഞു.

നവംബര്‍ ആദ്യം കേരളത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തില്‍ തന്ത്രി മുഖ്യന്മാരുടേയും പൂജാരിമാരുടേയും സാന്നിധ്യത്തില്‍ പ്രത്യേക ആവാഹനപൂജയ്ക്കുശേഷം വിഗ്രഹങ്ങള്‍ ഘോഷയാത്രയായി എരുമേലി, ആറന്മുള, റാന്നി തോട്ടമണ്‍കാവി, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പുണ്യസങ്കേതങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ന്യൂയോര്‍ക്കില്‍ എത്തും.

ട്രസ്റ് ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ പി. വിശ്വരൂപന്‍, ഡോ. എ.കെ.ബി. പിള്ള, മാധവന്‍ കെ. നായര്‍, ഡോ. നിഷ പിള്ള, ഗിതേഷ് തമ്പി, ഡോ. പത്മജ പ്രേം, ഗണേഷ്നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. കുമ്മനം രാജശേഖരന്‍, ശബരീനാഥ് എന്നിവരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. പ്രിയ ശ്രീകാന്ത്, രാംദാസ് കൊച്ചുപറമ്പില്‍, അജിത് നായര്‍, ശബരീനാഥ് എന്നിവരുടെ അയ്യപ്പ ഗാനാലാപനം ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.

മഹിമ, നാമം, എന്‍ബിഎ, നാമം, ചേംബര്‍ ഓഫ് കൊമേഴ്സ്, എന്‍എസ്എസ്, എസ്എന്‍എ, കെഎച്ച്എസ്, കെഎച്ച്എന്‍എ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.