കല കുവൈറ്റ് ഫഹഹീല്‍ ഓഫീസും ഓഡിറ്റോറിയവും പ്രവര്‍ത്തനമാരംഭിച്ചു
Tuesday, July 14, 2015 5:25 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി ഫഹഹീല്‍ മേഖലയില്‍ പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസും 170 ഓളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം കലയുടെ പഴയകാല പ്രവര്‍ത്തകന്‍ ജെ. ആല്‍ബര്‍ട്ട് നിര്‍വഹിച്ചു. മംഗഫ് യൂറോപ്യന്‍ ടെലിഫോണ്‍ സെന്റര്‍ റോഡിലാണ് ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത്. കലയുടെയും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരികമാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡണ്ട് ടി.വി.ഹിക്മത്ത് അധ്യക്ഷനായി. എന്‍.അജിത്കുമാര്‍, ശ്യാമള നാരായണന്‍, സ്നേഹ അനില്‍, ബാബുരാജ്, വിനോദ് എ.പി.നായര്‍, റോണി വര്‍ഗീസ്, പ്രദീപ് വി. തോമസ്, സേവ്യര്‍ ആന്റണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടു സംസാരിച്ചു. സുശീല്‍കുമാര്‍, രാധിക, ആനന്ദ് സി. നായര്‍, ഹരീഷ് കുറുപ്പ്, റോണ്‍, പ്രീത സന്തോഷ്, ബാലചന്ദ്രന്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

ഇക്കഴിഞ്ഞ പരീക്ഷകളില്‍ 1012 ക്ളാസ്സുകളില്‍ കുവൈറ്റിലും നാട്ടിലും മികച്ച വിജയം നേടിയ ഫഹഹീല്‍ മേഖലയിലെ കല കുടുംബത്തിലെ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു യാത്രയാവുന്ന കലാ കുടുംബാംഗങ്ങളായ പൌലോസ്, പ്രമോദ് ജനാര്‍ദനന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും പ്രസ്തുത ചടങ്ങില്‍ വെച്ച് നടന്നു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി പ്രവാസ ജീവിതം മതിയാക്കി പോകുന്ന പൌലോസിനുള്ള കലയുടെ ക്ഷേമനിധിയില്‍നിന്നുള്ള അമ്പതിനായിരം രൂപയും പരിപാടിയില്‍ വച്ചു കൈമാറി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും മേഖല സെക്രട്ടറി ആമുഖ പ്രഭാഷണം നടത്തി. കല കുവൈറ്റ് ട്രഷറര്‍ അനില്‍കൂക്കിരി നന്ദി പ്രകാശനം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍