സംയുക്ത നെറ്റ്വര്‍ക്ക് നൈറ്റ് ജൂലൈ 22ന്
Tuesday, July 14, 2015 5:24 AM IST
ന്യൂയോര്‍ക്ക്: വിജയകരമായ മെമ്പര്‍ഷിപ്പ് ഡ്രൈവിനുശേഷം അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടനയിലെ അംഗങ്ങള്‍ക്ക് നെറ്റ് വര്‍ക്കില്‍കൂടി വളരുവാനും ആശയവിനിമയം നടത്തുവാനുമുള്ള അവസരം ഒരുക്കുന്നു. ചേംബറിന്റെ ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കിനു പുറത്ത് നെറ്റ് വര്‍ക്കിംഗിന്റെ സാധ്യതകള്‍ ഒരുക്കുന്നതിനു പ്രസിഡന്റ് മാധവന്‍ ബി. നായരുടെ ശ്രമഫലമായി അവസരം ഒരുങ്ങി.

ഇരുപത്തഞ്ച് വര്‍ഷങ്ങളില്‍പ്പരം പ്രവര്‍ത്തനപാരമ്പര്യമുള്ള ഏഷ്യന്‍ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി ചേര്‍ന്ന് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് ജൂലൈ 22-നു (ബുധനാഴ്ച) വൈകുന്നേരം 6.30മുതല്‍ നോര്‍ത്ത് ബ്രോണ്‍സ്വിക് ക്ളാരിയോണ്‍ ഇന്നില്‍ വച്ച് നെറ്റ് വര്‍ക്ക് നൈറ്റ് സംഘടിപ്പിക്കുന്നു.

ബിസിനസിന്റെ വിവിധ മേഖലകളിലുള്ളവര്‍ പരസ്പരം കാണുവാനും, അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും അവസരമൊരുക്കുന്ന ഇത്തരം നെറ്റ് വര്‍ക്കിംഗില്‍കൂടി, സ്വന്തം ബിസിനസിന്റെ വ്യാപ്തിയും, അനന്തസാധ്യതകളും മനസിലാക്കുവാനും, അതില്‍ വിജയംവരിച്ച സംരംഭകരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും കഴിയുന്നത് വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ ഏതൊരു സംരംഭകരനെയും സഹായിക്കുമെന്നു പറഞ്ഞ മാധവന്‍ നായര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അംഗങ്ങളോട് അഭ്യര്‍ഥിച്ചു. ഇത്തരം സംയുക്ത സംരംഭങ്ങള്‍ സംഘടനാപരമായും സാമൂഹികമായും ഒറ്റക്കെട്ടായി മുന്നേറുവാനും, ബിസിനസ് വെല്ലുവിളികളെ അനായാസം നേരിടാനും അംഗങ്ങളെ സഹായിക്കുമെന്നും, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി സംരംഭകരോടു മെമ്പര്‍ഷിപ്പ് ഡ്രൈവിനു ചുക്കാന്‍ പിടിച്ച റോയി എണ്ണശേരിയും, ജോണ്‍ അക്ഷാലയും ഒരു സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം