റംസാന്റെ ചൈതന്യം ജീവിതത്തില്‍ നിലനിര്‍ത്തുക: ഇ. അഹമ്മദ് എംപി
Saturday, July 11, 2015 9:01 AM IST
ദുബായി: പരിശുദ്ധ റംസാനില്‍ കൈവരിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ. അഹമ്മദ് എംപി പറഞ്ഞു.

സ്നേഹവും സാഹോദര്യവുമാണ് ഇസ്ലാമിന്റെ മുഖമുദ്ര. മനുഷ്യരുടെയും സഹജീവികളുടെയും സുരക്ഷിതത്വത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള പ്രായോഗിക മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ ജീവിത വ്യവസ്ഥയാണ് ഇസ്ലാമിന്റേത്. അതുള്‍ക്കൊണ്ട് ജീവിക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യനും പ്രകൃതിയും നേരിടുന്ന സകല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ദുബായി കെഎംസിസിയുടെ അല്‍ബറാഹയിലെ ഇഫ്താര്‍ ടെന്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇ. അഹമ്മദ് എംപി

ചടങ്ങില്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുരളീധരന്‍, എംഎസ്എഫ് സംസ്ഥാന സമിതിയംഗം നഹാസ് പാറക്കല്‍, ദുബായി കെഎംസിസി സംസ്ഥാന ഭാരവാഹികളായ എ.സി. ഇസ്മായില്‍, ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ അരൂക്കുറ്റി സംബന്ധിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍ സ്വാഗതവും സെക്രട്ടറി ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു. മൌലവി എം.എച്ച്. വള്ളുവങ്ങാട് ഉദ്ബോധന പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍