സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ പുതിയ ദേവാലയം ആരാധനാസമൂഹത്തിനു സമര്‍പ്പിച്ചു
Saturday, July 11, 2015 8:57 AM IST
പെന്‍സില്‍വേനിയ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ വാര്‍മിനിസ്ററില്‍ പുതുതായി വാങ്ങിയ ദേവാലയം ഇവാഞ്ചലിക്കല്‍ ബിഷപ് മോസ്റ് റവ. ഡോ. സി.വി. മാത്യു ഇടവകാംഗങ്ങള്‍ക്ക് സമര്‍പ്പിച്ചു. മൂന്നേകാല്‍ ഏക്കറില്‍ സ്ഥിതിചെയ്യുന്ന അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ദേവാലയം നാല്‍പ്പതില്‍പ്പരം അംഗങ്ങളുള്ള ഇവഞ്ചാലിക്കല്‍ സമൂഹം ഒന്നര മില്യന്‍ ഡോളറിനാണ് വാങ്ങിയത്.

ജൂലൈ നാലിനു രാവിലെ നടന്ന ആഘോഷമായ പ്രദക്ഷിണത്തിനുശേഷം ബിഷപ് ദേവാലയം സമൂഹത്തിനു സമര്‍പ്പിച്ചു. എല്ലാവിധ ആധുനിക സൌകര്യങ്ങളും സമന്വയിപ്പിച്ച് ന്യൂജനേറന്‍ ചര്‍ച്ച് എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ദേവാലയത്തിന്റെ ഉള്‍ഭാഗം ക്രമീകരിച്ചിരിക്കുന്നത്. മലയാളത്തിലും ഇംഗ്ളീഷിലുമുള്ള പ്രാര്‍ഥനാഗാനങ്ങളില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് പ്രോജക്ടറും ടിവിയും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നത്.

ഇത്രയും അത്യാധുനിക പ്രൌഡിയുള്ള ദേവാലയം ദൈവത്തെ ആരാധിക്കാന്‍ വേണോ എന്ന് ബിഷപ് സി.വി. തോമസ് ചോദിച്ചു. എന്നാല്‍ തന്റെ സൃഷ്ടിയായ സമൂഹത്തോടു ചേര്‍ന്ന് ജീവിക്കാനാണ് ദൈവം ഇഷ്ടപ്പെടുന്നതെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. ആദവും ഹവ്വയും ദൈവവുമായി വളരെ അടുപ്പത്തിലായിരുന്നു. എന്നാല്‍ ആ ബന്ധങ്ങളെല്ലാം പിന്നീട് നഷ്ടപ്പെട്ടു. വീണ്ടും ഈ ബന്ധങ്ങള്‍ക്ക് പുനരുദ്ധാനം വന്നത് മോശയുടെ കാലത്താണ്. ദൈവത്തെ ആരാധിക്കാന്‍ ഒരു ദേവാലയം എന്ന ചിന്തവന്നത് ആ കാലം മുതലാണ്. സോളമന്‍ രാജാവാണ് ആദ്യത്തെ ദേവാലയം പണിതത്. നമ്മുടെ എല്ലാ പാപങ്ങളും ദൈവമാണ് പൊറുക്കുന്നത്. എന്നു മാത്രമല്ല ദൈവം നമ്മുടെ ഇടയില്‍ വസിക്കുന്നുവെന്നും ബിഷപ് പറഞ്ഞു. സമൂഹമായി ചേര്‍ന്നുള്ള ആരാധന തുടങ്ങിയത് ബിസി 586ലാണ്. ഈ ദേവാലയം പിന്നീട് നശിപ്പിക്കപ്പെടുകയും 500 വര്‍ഷത്തിനുശേഷം പുനര്‍നിര്‍മിക്കുകയും ചെയ്തു. ആ ദേവാലയത്തിലാണ് യേശുക്രിസ്തു പിന്നീട് ആരാധിച്ചിരുന്നത്. ദൈവത്തിന്റെ ആലയം പരിശുദ്ധമാണ്. നിങ്ങളാണ് ആ ദേവാലയമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ട്രസ്റി ജോണ്‍ ബി. ജോണിനു താക്കോല്‍ക്കൂട്ടം നല്‍കി ബിഷപ് ചടങ്ങ് പൂര്‍ത്തീകരിച്ചു. തുടര്‍ന്നു ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഫിലാഡല്‍ഫിയ ക്രിസ്തീയ സമൂഹത്തിലേയും രാഷ്ട്രീയ, സാമൂഹ്യ മേഖലയിലേയും നേതാക്കള്‍ സംസാരിച്ചു. ദാനിയേല്‍ പി. തോമസ് രാഷ്ട്രീയ രംഗത്തുള്ള അതിഥികളെ പരിചയപ്പെടുത്തി. സ്റേറ്റ് റപ്രസന്റേറ്റീവ് സ്കോട്ട് പെട്രി, സ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറിന, കൌണ്‍സില്‍മാന്‍ ഒ. ഡേവിഡ്, റവ. പി.എം. സാമുവല്‍, റവ. ഡോ. എം.ജെ. തോമസ്, റവ. ഡോ. പോള്‍ പാത്തിക്കല്‍, റവ. എം.വി. ഏബ്രഹാം, റവ. റെജി പോള്‍, കെ.വി. തോമസ്, റവ. നൈനാന്‍ സഖറിയ, റവ. എന്‍.കെ. മത്തായി, പ്രവീണ്‍ ജോസഫ്, റവ. ജോണ്‍ ജോണ്‍ ലംഗന്‍, പാസ്റര്‍ അലക്സ് ഇട്ടി, റവ ചാക്കോ പൂന്നൂസ്, ജോണ്‍ മാത്യു, ബോബന്‍ ചെറിയാന്‍, റവ. കെ. മത്തായി കോര്‍എപ്പിസ്കോപ്പ, ട്രസ്റി ജോണ്‍ ബി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

സേവിനി സമാജത്തിന്റെ ഗാനാലാപനം, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറി.

ദേവാലയം വാങ്ങുവാന്‍ സഹായിച്ച ദാനിയേല്‍ തോമസിനും ലോണ്‍ നല്‍കിയ ടിഡി ബാങ്ക് അധികൃതര്‍ക്കും ബില്‍ഡിംഗ് കമ്മിറ്റിക്കുവേണ്ടി തോമസ് ദാനിയേലിനും പ്രത്യേക ഫലകങ്ങള്‍ നല്‍കി. ഇടവക വികാരി ഏവര്‍ക്കും നന്ദി പറഞ്ഞു. ലക്സി മേരി പാത്തിക്കല്‍ ദേശീയ ഗാനം ആലപിച്ചു.