ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാള്‍ ആചരിച്ചു
Saturday, July 11, 2015 4:49 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വി. തോമാശ്ശീഹായുടെ ഓര്‍മ്മത്തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടും, വര്‍ണ്ണപ്പകിട്ടാര്‍ന്ന വിവിധ പരിപാടികളോടുംകൂടി നടത്തപ്പെട്ടു.

ജൂണ്‍ 28-നു ഞായറാഴ്ച കൊടി ഉയര്‍ത്തിയതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. അന്നത്തെ ചടങ്ങുകള്‍ക്ക് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ആന്റണി തുണ്ടത്തില്‍, വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ജൂണ്‍ 29 തിങ്കള്‍, 30 ചൊവ്വ ദിവസങ്ങളില്‍ വി. കുര്‍ബാനയും, നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നു.

ജൂലൈ ഒന്നിനു ബുധനാഴ്ച ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടേയും, ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പതിനാലാം വാര്‍ഷികവും, യൂത്ത് ഡേ ദിനാഘോഷവും നടത്തപ്പെട്ടു. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനായിരുന്നു.

ജൂലൈ രണ്ടിനു വ്യാഴാഴ്ച വി. കുര്‍ബാന, നൊവേന, ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു. ജൂലൈ മൂന്നിനു വെള്ളിയാഴ്ച -ദുക്റാന ദിനം- ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ബിജ്നോര്‍ ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് വൈകിട്ട് 6.30-നു 'സീറോ മലബാര്‍ നൈറ്റ്' വിവിധ പരിപാടികളോടെ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

ജൂലൈ നാലിനു ശനിയാഴ്ച- ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായ സെന്റ് ബര്‍ത്തലോമിയ വാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 'തിരുനാള്‍ നൈറ്റ്' നടത്തപ്പെട്ടു. ആഘോഷമായ ദിവ്യബലിയില്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. രൂപതാ ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത് തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് ഏഴിനു വിവിധ കലാപരിപാടികള്‍ അരങ്ങേറി. മോഹന്‍ സെബാസ്റ്യന്‍, സിമി ജെസ്റോ മണവാളന്‍, ജൂബി വള്ളിക്കളം എന്നിവര്‍ നേതൃത്വം നല്‍കി.

ജൂലൈ അഞ്ചിനു ഞായറാഴ്ച- പ്രധാന തിരുനാള്‍ ദിനം. വൈകിട്ട് 4 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. റവ.ഡോ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. റവ.ഫാ. പോള്‍ ചാലിശേരി, റവ.ഫാ. റോയ് മൂലേച്ചാലില്‍, റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍, റവ.ഫാ. തോമസ് കുറ്റ്യാനി, റവ.ഫാ. ഡേവിഡ്, റവ.ഫാ. ബേബിച്ചന്‍ എര്‍ത്തയില്‍, റവ.ഫാ. സുനി പടിഞ്ഞാറേക്കര, റവ.ഫാ. ബെഞ്ചമിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴിക്കല്‍, അടിമസമര്‍പ്പണം, തിരുശേഷിപ്പ് വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം തുടങ്ങിയ ചടങ്ങുകളും നടത്തപ്പെട്ടു.

6.30-നു പ്രൌഢഗംഭീരവും വര്‍ണ്ണശബളവുമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയില്‍, പതിനെട്ടിലധികം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ തോളില്‍ വഹിച്ചുകൊണ്ട് വിവിധ ചെണ്ടമേള ഗ്രൂപ്പുകള്‍, ബാന്റ് സെറ്റ്, നൂറുകണക്കിന് മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയുടെ അകമ്പടിയോടെ കേരളീയ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരായി നഗരവീഥിയിലൂടെ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം തങ്ങളുടെ നാട്ടിന്‍പുറങ്ങളിലെ ദേവാലയങ്ങളില്‍ നടന്നിരുന്ന തിരുനാള്‍ ആഘോഷങ്ങളുടെ മധുരിക്കുന്ന പൂര്‍വ്വകാല സ്മരണകള്‍ പങ്കെടുത്ത ഓരോരുത്തരിലും ജനിപ്പിച്ചു. നഗരവീഥിയിലൂടെ ഇരുവശങ്ങളിലും നിന്നിരുന്ന തദ്ദേശവാസികള്‍ക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.

തിരുനാളിന്റെ ആരംഭം മുതല്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ക്കു പുറമെ ബിജ്നോര്‍ ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബാലസോര്‍ രൂപതാ മെത്രാന്‍ മാര്‍ സൈമണ്‍ കൈപ്പുറം, കണ്ണൂര്‍ രൂപതാ മെത്രാന്‍ മാര്‍ അലക്സ് വടക്കുംതല എന്നീ അഭിവന്ദ്യ പിതാക്കന്മാരും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, ജര്‍മ്മനിയില്‍ നിന്നും, കേരളത്തില്‍ നിന്നും എത്തിയ നിരവധി വൈദീകരും തിരുകര്‍മ്മങ്ങളിലും മറ്റു പരിപാടികളിലും സജീവമായി പങ്കെടുത്ത് തിരുനാള്‍ ആഘോഷങ്ങള്‍ കൂടുതല്‍ അനുഗ്രഹപ്രദമാക്കി. കത്തീഡ്രല്‍ ഗായകസംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ആലപിച്ച ശ്രുതിമധുരമായ ഗനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സായ ജോസ് കടവില്‍, ജോസുകുട്ടി നടയ്ക്കപ്പാടം, ജോണ്‍ വര്‍ഗീസ് തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍, ബേബി മലമുണ്ടയ്ക്കല്‍, ശാന്തി തോമസ്, ജോമി എടക്കുന്നത്ത് എന്നിവര്‍ അടങ്ങിയ ഇടവകയിലെ ബഹൃത്തായ അള്‍ത്താര സംഘം തിരുകര്‍മ്മങ്ങള്‍ക്ക് സഹായികളായി പ്രവര്‍ത്തിച്ചു.

അത്യാധുനിക സൌകര്യങ്ങളോടുകൂടി കേരളത്തനിമയില്‍ നിര്‍മ്മക്കപ്പെട്ട അതിമനോഹരമായ ദേവാലയത്തില്‍ നടന്ന തിരുനാളിന്റെ വിജയത്തിനുവേണ്ടി സഹകരിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് അഭിവന്ദ്യ പിതാക്കന്മാര്‍, വൈദീകര്‍, കന്യാസ്ത്രീകള്‍, മറ്റ് ഇടവകകളില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന വിശ്വാസികള്‍ക്കും വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ നന്ദി അര്‍പ്പിച്ചു.

ഇടവകയിലെ പതിനൊന്നു വാര്‍ഡുകളിലൊന്നായ സെന്റ് ബര്‍ത്തലോമിയ (മോര്‍ട്ടന്‍ഗ്രോവ്- നൈല്‍സ്) വാര്‍ഡ് ആണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.

വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലില്‍, വാര്‍ഡ് പ്രതിനിധികളായ സിബി പാറേക്കാട്ടില്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), പയസ് ഒറ്റപ്ളാക്കല്‍ (പ്രസിഡന്റ്), ലൌലി വില്‍സണ്‍ (സെക്രട്ടറി), റ്റീനാ മത്തായി (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍, മനീഷ് ജോസഫ്, ആന്റണി ഫ്രാന്‍സീസ്, ഷാബു മാത്യു, പോള്‍ പുളിക്കന്‍ തുടങ്ങിയ ട്രസ്റിമാര്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഇടവകാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബഹുമാനപ്പെട്ട സിസ്റേഴ്സ്, ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍, വാര്‍ഡ് പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ ഒരാഴ്ച നീണ്ടുനിന്ന ആയിരങ്ങള്‍ പങ്കെടുത്ത തിരുനാള്‍ മോടിയാക്കുവാന്‍ ദിനരാത്രങ്ങള്‍ പ്രവര്‍ത്തിച്ചു.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുവാന്‍ ഫുഡ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പ് പൌവ്വത്തില്‍ (കോര്‍ഡിനേറ്റര്‍), റോയി ചാവടിയില്‍, ജോയി വട്ടത്തില്‍, ത്രേസ്യാമ്മ ജെയിംസ് കല്ലിട്ടേതില്‍, കുഞ്ഞമ്മ, വിജയന്‍ കടമപ്പുഴ, ജോണ്‍ തെങ്ങുംമൂട്ടില്‍ (കോര്‍ഡിനേറ്റര്‍), ഷിബു അഗസ്റിന്‍, സാലിച്ചന്‍, ജോയി ചക്കാലയ്ക്കല്‍, ജോസഫ് ഐക്കര എന്നിവരും, ഇടവകയിലെ നിരവധിയാളുകളും ആത്മാര്‍ത്ഥമായി സഹകരിച്ചു.

തിരുനാളിനോടനുബന്ധിച്ച് കത്തീഡ്രല്‍ ദേവാലയവും പരിസരങ്ങളും കേരളത്തനിമയില്‍, ദീപാലങ്കാരങ്ങളാലും, കൊടിതോരണങ്ങളാലും മോടിപിടിപ്പിച്ചിരുന്നത് ഇടവക ജനങ്ങള്‍ക്കും, തദ്ദേശവാസികള്‍ക്കും നയനമനോഹരമായ കാഴ്ചയായിരുന്നു. ജോസ് ചാമക്കാല സി.പി.എ, തോമസ് പതിനഞ്ചില്‍പറമ്പില്‍ (കോര്‍ഡിനേറ്റര്‍), റെജി കുഞ്ചെറിയ, സണ്ണി കൊട്ടുകാപ്പള്ളി, അനിയന്‍കുഞ്ഞ് വള്ളിക്കളം, സണ്ണി ചാക്കോ എന്നിവരായിരുന്നു അതിന്റെ പിന്നില്‍ ദിനരാത്രങ്ങള്‍ പ്രവര്‍ത്തിച്ചത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം