ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ സംയുക്ത ഏകദിന സെമിനാര്‍
Friday, July 10, 2015 8:09 AM IST
ഡാളസ്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതി ഭദ്രാസന സതേണ്‍ റീജണ്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വനിത സമാജത്തിന്റെയും സംയുക്ത ഏകദിന സെമിനാര്‍, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്നു.

ഇടവക മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തില്‍ നടന്ന സെമിനാറിന് റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ (വികാരി. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) സ്വാഗതമാശംസിച്ചതോടെ തുടക്കം കുറിച്ചു. തികഞ്ഞ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നടത്തിയ സെമിനാറില്‍ ഹൂസ്റണ്‍, ഡാളസ്, മെസ്ക്കിറ്റ്, ഓസ്റിന്‍, ഒക്ലഹോമ എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ നിന്നുമായി 150ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

ക്രൈസ്തവവിശ്വാസത്തിലും ആചാരനുഷ്ഠാനങ്ങളിലും വരുംതലമുറയെ ബോധവാന്മാരാക്കേണ്ടതായ ധാര്‍മിക ഉത്തരവാദിത്വം നമുക്കുണ്െടന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണെന്നും ആയതിനു തുടക്കും കുറിക്കേണ്ടത് അവരവരുടെ കുടുംബത്തില്‍ നിന്നും തന്നെയാണെന്നും മെത്രാപ്പോലീത്ത ഉദ്ഘാടനപ്രസംഗത്തില്‍ സൂചിപ്പിച്ചു.

വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷാ വിധിയില്‍ അകപ്പെടും. (മര്‍ക്കോസ് :16-16) എന്ന വേദ ഭാഗത്തെ അടിസ്ഥാനമാക്കി പ്രഗല്ഭ വചന പ്രഘോഷകനും മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി മെംബറും സുറിയാനി പണ്ഡിതനുമായ ഫാ. തോമസ് വെങ്കിടത്ത് പ്രഭാഷണം നടത്തി. സംഘര്‍ഷ പൂരിതമായ ഈ ലോകത്ത് ക്രിസ്തുവിലുളള അടിയുറച്ച വിശ്വാസം മാത്രമാണ് ശാശ്വത സമാധാനം കൈവരിക്കുന്നതിനുളള ഏക മാര്‍ഗമെന്ന് അദ്ദേഹം പ്രസംഗത്തിലൂടെ ഉദ്ബോധിപ്പിച്ചു.

വിമന്‍സ് ലീഗ് പ്രവര്‍ത്തന റിപ്പോര്‍ട്ട് റീജണല്‍ സെക്രട്ടറി അന്നമ്മ ബാബുവും മെന്‍സ് ഫെല്ലോഷിപ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ സോണി ജേക്കബും യോഗത്തില്‍ അവതരിപ്പിച്ചു.

വിവിധ ദേവാലയങ്ങളിലെ പ്രതിനിധികള്‍, ഭക്തി സാന്ദ്രമായ ഗാനങ്ങളാലപിച്ചത് പരിപാടിക്കു കൊഴുപ്പേകി. ഉച്ചകഴിഞ്ഞു നടന്ന ബൈബിള്‍ ക്വിസ്, പ്രോഗ്രാം, വ്യത്യസ്തയാര്‍ന്ന ഒരിനമായിരുന്നു. വിവിധ ദേവാലയ പ്രതിനിധികള്‍ പങ്കെടുത്ത ബൈബിള്‍ ക്വിസില്‍, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റണ്‍ ഒന്നാം സ്ഥാനവും മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച്, മെസ്കിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൂസ്റണ്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ബിനു ജോസഫ് ധ്യാനപ്രസംഗവും സമാപന പ്രാര്‍ഥനയും നടത്തി. ഫാ. വി.എം. തോമസ് കോര്‍ എപ്പിസ്കോപ്പ, ഫാ. പോള്‍ തോട്ടക്കാട്ട് (ഭദ്രാസന കൌണ്‍സില്‍ മെംബര്‍) ഫാ. ബിനു തോമസ്, ഫാ. പ്രദോഷ് മാത്യു, റവ. ഡോ. സാക്ക് വര്‍ഗീസ്, റവ. ഡോ. രാജന്‍ മാത്യു, ഫാ. മാര്‍ട്ടിന്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു. ബേബി പുന്നൂസ് (സെക്രട്ടറി) മെന്‍സ് ഫെലോഷിപ്പ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ നന്ദി പറഞ്ഞു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍