വിക്ടര്‍ ജോര്‍ജ് അനുസ്മരണം
Friday, July 10, 2015 6:43 AM IST
വാഷിംഗ്ടണ്‍ ഡിസി: ശ്രദ്ധേയമായ ഒട്ടനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ, അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ് വിക്ടര്‍ ജോര്‍ജിനെ വാഷിംഗ്ടണില്‍ അനുസ്മരിച്ചു. വിക്ടറിന്റെ ചരമ ദിനമായ ജൂലൈ ഒമ്പതിനു വാഷിംഗ്ടണ്‍ ഡിസിയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ അമേരിക്കന്‍ മലയാളികളെ കൂടാതെ രാജ്യ തലസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ മറ്റു ഇന്ത്യാക്കാരും പങ്കെടുത്തു. ഇതു രണ്ടാം തവണയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ വിക്ടറിനെ അനുസ്മരിക്കുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുളള വെള്ളിയാനി മലയിലെ ഉരുള്‍പൊട്ടലിന്റേയും മലയിടിച്ചിലിന്റേയും പ്രകൃതിയുടെ സംഹാര താണ്ഡവത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സാഹസികമായി ചിത്രീകരിക്കുന്നതിനിടെയാണ് 14 വര്‍ഷം മുമ്പ് വിക്ടറിനു ജീവന്‍ നഷ്ടപ്പെട്ടത്.

പ്രസ് ട്രസ്റ് ഓഫ് ഇന്ത്യയുടെ മുന്‍ ഡല്‍ഹി ലേഖകന്‍ വി.ഇ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദൂരദര്‍ശന്റെ മുന്‍ സ്പോര്‍ട്സ് കമന്റേറ്ററും മാധ്യമ പ്രവര്‍ത്തകനുമായ ഗീവര്‍ഗീസ് ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകരായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ വിക്ടറുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ഇരുവരും പങ്കുവച്ചു.

പ്രകൃതിയോടും സമസൃഷ്ടികളോടുമുളള കരുതല്‍ കാമറക്കണ്ണിലൂടെ ലോകത്തെ കാണാന്‍ ശ്രമിച്ച വിക്ടര്‍ ചിത്രങ്ങളില്‍ എന്നും പ്രതിഫലിച്ചിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു.

സന്തോഷ് ഏബ്രഹാം (ഫിലഡല്‍ഫിയ) ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. വര്‍ഗീസ് കുര്യന്‍, തോമസ് കെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി