ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ തോമാശ്ളീഹായുടെ തിരുനാള്‍ ആചരിച്ചു
Friday, July 10, 2015 6:36 AM IST
ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനയില്‍ മാര്‍ തോമാശ്ളീഹായുടെ തിരുനാള്‍ ഭക്തിപുരസരം ആചരിച്ചു.

ജൂലൈ അഞ്ചിനു (ഞായര്‍) രാവിലെ 9.45നു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് തിരുക്കര്‍മങ്ങള്‍ക്കു കാര്‍മികത്വം വഹിച്ചു. ക്രിസ്തുവിനോടൊപ്പം മരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മാര്‍തോമാ ശ്ളീഹായുടെ ധൈര്യത്തെയും അതോടൊപ്പം രക്ഷിതാവിലുള്ള തന്റെ പൂര്‍ണസമര്‍പ്പണത്തിലൂടെ, ക്നാനായക്കാരുടെ പൂര്‍വികര്‍ താമസിച്ചിരുന്ന യദേസായിലും മറ്റു ശ്ളീഹന്മാരെ അപേക്ഷിച്ച് കൂടുതല്‍ ദൂരം സഞ്ചരിച്ച് ഭാരതത്തിലുമെത്തി സുവിശേഷം പ്രസംഗിച്ച് രക്തസാക്ഷിയായതും മാര്‍തോമാശ്ളീഹായുടെ തിരുശേഷിപ്പ് ഏറ്റവും കൂടുതല്‍ കൊണ്ടുപോയതു യദേസായിലേക്കായിരുന്നുവെന്നും വചനസന്ദേശത്തില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് അനുസ്മരിച്ചു. മാര്‍തോമാശ്ളീഹായുടെ കാലശേഷം വിശ്വാസക്ഷയം സംഭവിച്ചുകൊണ്ടിരുന്ന ഭാരതസഭയെ ഉജ്വലിപ്പിക്കുവാന്‍വേണ്ടി കഷ്ടപ്പാടും ദുരിതവും സഹിച്ച നമ്മുടെ പൂര്‍വികരായ ബിഷപ്പുമാരും വൈദികരും ശംശാനന്മാരും ഭാരതത്തിലേക്കു വന്നതാണെന്നു പ്രതിപാദിച്ചു. ക്നാനായക്കാര്‍ക്കു മാര്‍തോമാശ്ളീഹായുമായുള്ള അഭേദ്യമായ ബന്ധത്തേപ്പറ്റിയും മാര്‍തോമാശ്ളീഹായുടെ ശിഷ്യനായ മാര്‍ അദായിയും, മാര്‍ അദായിയുടെ ശിഷ്യനായ മാര്‍ മാറിയും എഴുതിയ ആരാധനക്രമമാണു കത്തോലിക്കാസഭയില്‍ ഏറ്റവും പുരാതനമായ ആരാധനക്രമമായ നമ്മുടെ അനാഫറയെന്നും നമ്മള്‍ തുടര്‍ന്നും മിഷനറിമാരേയും അവരുടെ പ്രവര്‍ത്തനങ്ങളേയും സഹായിച്ച് അനുഗ്രഹം നേടണമെന്നും ഫാ. ഏബ്രഹാം മുത്തോലത്ത് ഉദ്ബോധിപ്പിച്ചു.

ജയിംസ് ആന്‍ഡ് അജിമോള്‍ പുത്തന്‍പുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാര്‍.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍