ആറന്മുളയിലേതു ഹിന്ദു സംഘടിതശക്തിയുടെ വിജയം: കുമ്മനം
Friday, July 10, 2015 6:36 AM IST
ഹൂസ്റണ്‍: ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കത്തെ തോല്‍പ്പിക്കാനായതു ഹൈന്ദവ സംഘടിതശക്തിയുടെ വിജമാണെന്ന് ആറന്മുള പൈതൃക ഗ്രാമകര്‍മസമിതി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍. വിമാനത്താവളത്തിനോ വികസനത്തിനോ എതിരായ സമരമായിരുന്നില്ല അത്. സംസ്കാരവും പാരമ്പര്യവും പരിസ്ഥിതിയും എല്ലാം തച്ചുടയ്ക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പായിരുന്നു ആറന്മുളയിലേത്. കേരള ഹിന്ദു സൊസൈറ്റി നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു കുമ്മനം. ഭ്രാന്താലയമായിരുന്ന കേരളത്തെ തീര്‍ഥാടനമാക്കിയത് ആചാര്യന്മാരും നവോഥാന നായകരുമാണ്. ഹിന്ദുത്വത്തില്‍ അഭിമാനിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് അവരെല്ലാം നടത്തിയത്. ഹിന്ദുക്കളില്‍ ആത്മവിശ്വാസവും ആത്മാഭിമാനവും ആത്മധൈര്യവും ആത്മ ബോധവും ഉണ്ടാക്കുക എന്നതാണു പ്രധാനം. ഹിന്ദു ഐക്യവേദി പ്രവര്‍ത്തിക്കുന്നത് ഈ ലക്ഷ്യത്തിനായിട്ടാണ്. ഇക്കര്യത്തില്‍ അഭിമാനകരമായി മുന്നോട്ടു പോകാന്‍ കഴിയുന്നുണ്െടന്നും കുമ്മനം പറഞ്ഞു.

മാധവന്‍ കെ. പിള്ള അധ്യക്ഷത വഹിച്ചു. ജനം ടിവി മാനേജിംഗ് ഡയറക്ടര്‍ വിശ്വരൂപന്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, മണ്ണടി ഹരി, ഡോ. ബാബു സുശീലന്‍ ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ഹിന്ദു സൊസൈറ്റി വൈസ് ചെയര്‍മാന്‍ അനില്‍കുമാര്‍ ആറന്മുള സ്വാഗതവും സെക്രട്ടറി ഗോപാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.