കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഇടപെടല്‍ മൂലം പഞ്ചാബ് സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു
Thursday, July 9, 2015 8:01 AM IST
ഫുജൈറ: അബോധാവസ്ഥയിലായി ആശുപത്രിയില്‍ കഴിയുന്ന പഞ്ചാബ് സ്വദേശി ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്നു. ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് ഇയാളെ നാട്ടിലേക്കു കൊണ്ടുപോകാന്‍ വഴിതെളിഞ്ഞത്.

ഫുജൈറയില്‍ വിസിറ്റിംഗ് വീസയില്‍ വന്ന റാം ലുഭിയ അമര്‍ ചന്ദ് എന്ന 55 കാരന്‍ പക്ഷാഘാതത്തെത്തുടര്‍ന്നാണ് അബോധാവസ്ഥയിലായത്. പാസ്പോര്‍ട്ടോ, വീസയോ മറ്റു താമസ രേഖകളോ ഇല്ലാത്ത റാം ലുഭിയ ഫെബ്രുവരി ആറു മുതല്‍ ഫുജൈറ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇദേഹം സ്വന്തം നാട്ടില്‍ എത്തിയിട്ടില്ലെന്നാണു വീട്ടുകാരില്‍നിന്നും അറിയാന്‍ സാധിച്ചത്. ആശുപത്രിയില്‍ ചെലവായ തുക നല്‍കാനോ നാട്ടിലേക്കു പോകാനോ വഴിയില്ലാതെ നിസഹായ അവസ്ഥയിലായിരുന്നു. ചില സുഹൃത്തുക്കളാണ് ഇയാളുടെ വിവരം കൈരളിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, കോണ്‍സുല്‍ സെക്രട്ടറി പി.എം. അഷറഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ച് ആശുപത്രി ഫീസ് നല്‍കാനും നാട്ടിലത്തിെക്കാനുള്ള സഹായവും അപേക്ഷിച്ചു.

കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലം ഹോസ്പിറ്റലിലെ ബില്ലില്‍ ഇളവുവരുത്താനും ഔട്ട് പാസ് നല്‍കുവാനും മറ്റു രേഖകള്‍ തയാറാക്കാനും സാധിച്ചു.

ജൂലൈ 10നു (വെള്ളി) ഉച്ചകഴിഞ്ഞ് 2.45 നു ദുബായിയില്‍നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ ഇയാളെ ഡല്‍ഹിയിലും അവിടുന്ന് സ്വദേശമായ ചണ്ഡിഗഡിലും എത്തിക്കും.

സഹായിച്ച ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികാരികള്‍ക്കും ഫുജൈറ ഹോസ്പിറ്റല്‍ അധികാരികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൈരളി ഭാരവാഹികള്‍ നന്ദി പറഞ്ഞു.

വിവരങ്ങള്‍ക്ക്: പി.എം. അഷ്റഫ് 055 8071757, സൈമണ്‍ സാമുവല്‍ 050 8316049.